ഇസ്രയേൽ വിജയപാതയിലാണ്, തെഹ്‌റാനിലെ വ്യോമ മേഖലയുടെ നിയന്ത്രണം ഞങ്ങൾക്കാണ്: ബെഞ്ചമിൻ നെതന്യാഹു

ഉടനെ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ നിർമാണ യൂണിറ്റ് നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.
Isreal PM Benjamin Netanyahu
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാൻ മിസൈൽ ആക്രമണം നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുന്നു.Source: X/ Benjamin Netanyahu
Published on

ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാന് മുകളിലുള്ള വ്യോമമേഖലയുടെ നിയന്ത്രണം ഇസ്രയേൽ വ്യോമസേന കയ്യടക്കിയെന്നും തങ്ങൾ വിജയത്തിലേക്ക് അടുക്കുന്നുവെന്നുമുള്ള അവകാശവാദവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ നിർമാണ യൂണിറ്റ് നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

മധ്യ ഇസ്രയേലിലെ ടെൽ നോഫ് വിമാനത്താവളം സന്ദർശിച്ചപ്പോഴാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരോടൊപ്പം നെതന്യാഹു കൂടിക്കാഴ്ചയും നടത്തി.

അതേസമയം, തിങ്കളാഴ്ച രാവിലെ അഞ്ചോളം സെൻട്രൽ ഇസ്രയേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ എട്ടോളം ഇസ്രയേലുകാർ കൊല്ലപ്പെട്ടെന്നും 300 പേർക്ക് പരിക്കേറ്റെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Isreal PM Benjamin Netanyahu
Israel-Iran Attack News Live Updates | തെഹ്റാനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാൻ്റെ ദേശീയ ടെലിവിഷൻ ചാനലിൽ മിസൈലാക്രമണം, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

പെറ്റ തിവ്‌കയിൽ നാലു പേരും ഹൈഫയിൽ മൂന്ന് പേരും നെയ് ബ്രാക്കിൽ ഒരാളും മരിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ 287 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മറ്റു 14 പേർക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്.

ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിന് നേരെ ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്. നാല് ദിവസത്തോളമായി ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ 224 പേരാണ് മരിച്ചത്. ഇതിൽ 70 പേർ സ്ത്രീകളും നല്ലൊരു ശതമാനം കുട്ടികളുമാണെന്ന് നേരത്തെ ഇറാൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

Isreal PM Benjamin Netanyahu
ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ആക്രമിക്കുന്നുവെന്ന് ഇറാൻ; തെഹ്‌റാനിലെ ജനങ്ങളെ മനഃപ്പൂർവം ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്രയേൽ

അതേസമയം, യുദ്ധം ജയിച്ചുകൊണ്ടിരിക്കുകയാണെന്ന ഇസ്രയേലിന്‍റെ അവകാശവാദങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നില്ല അമേരിക്കയിലേയും യൂറോപ്പിലേയും മാധ്യമങ്ങൾ. ശരിയായ യുദ്ധതന്ത്രമില്ലാതെ ഇസ്രയേൽ ഇറങ്ങിപ്പുറപ്പെട്ടു എന്നാണ് പ്രധാന വിമർശനം. ഇറാന്‍റെ ആക്രമണങ്ങൾ ഇസ്രയേലിലും കനത്ത നാശം വിതയ്ക്കുന്നുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ പറഞ്ഞപ്പോൾ ഉടൻ ഗൂഗിൾ മാപ്പിൽ നിന്ന് ത്രീഡി ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബിബിസിയാണ്. ആക്രമിച്ചു എന്നത് ശരി, തകർത്തു എന്നത് തെറ്റാണെന്നായിരുന്നു ആ കണ്ടെത്തൽ. നതാൻസ് ആണവ കേന്ദ്രത്തിന്‍റെ ചില കെട്ടിടങ്ങൾക്ക് നാശമുണ്ടെങ്കിലും യുറേനിയം സമ്പുഷ്ടീകരണത്തെ ബാധിച്ചിട്ടില്ല എന്നായിരുന്നു ബിബിസിയുടെ കണ്ടെത്തൽ. ഒടുവിൽ അത് ഇസ്രയേലിനും സമ്മതിക്കേണ്ടി വന്നു.

സിഎൻഎൻ വിശാലമായ തലക്കെട്ടിലൂടെ തന്നെ ഇസ്രായേലിനെ വിമർശിച്ചു. "WITH NO CLEAR EXIT STRATEGY IN IRAN, ISRAEL RISKS ANOTHER WAR WITH NO END" എന്നാണ് സിഎൻഎൻ തലക്കെട്ടു നൽകിയത്. എങ്ങനെ പുറത്തുകടക്കും എന്ന പദ്ധതിയില്ലാതെ അന്തമില്ലാത്തൊരു യുദ്ധത്തിന് ഇസ്രായേൽ ഇറങ്ങി പുറപ്പെട്ടു എന്നാണ് ആ വിമർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com