

ടെഹ്റാൻ: ഇറാന് നേരെ സംയുക്ത ആക്രമണം തുടങ്ങിവച്ച് ഇസ്രയേലും യുഎസും. ടെഹ്റാന് നേരെ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാന് നേരെ യുഎസ്-ഇസ്രയേൽ സൈന്യം സംയുക്തമായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ഇറാനിൽ മാത്രം ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കടല്‍ മാർഗവും വ്യോമമാർഗവും യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ്. ഇറാൻ്റെ ഭരണസിരാ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇനി തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. തുടക്കത്തിലെ ഈ സംയുക്ത സൈനിക നീക്കം ചുരുങ്ങിയത് നാല് ദിവസത്തേക്കെങ്കിലും തുടരുമെന്നാണ് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ടെഹ്റാനിൽ കരുതൽ ആക്രമണങ്ങളാണ് തുടങ്ങിവച്ചതെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചത്. ഇസ്രയേലിന് നേരെ ഇറാൻ ഭീഷണി ഉയർത്തുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യം ഇസ്രയേൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ വ്യോമപാത അടയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്. അതേസമയം, ഇറാൻ ഇസ്രയേലിന് നേരെ ശക്തമായി തിരിച്ചടിക്കുമെന്ന ആശങ്കയുമുണ്ട്.
നേരത്തെ ഇറാനെതിരെ ഉടൻ സൈനിക നീക്കമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച ജനീവയിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇറാനും മധ്യസ്ഥരായ ഒമാനും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായി ട്രംപ് അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയിരുന്നു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളുടെ പുരോഗതിയിൽ തൃപ്തരല്ലാത്തതിനാൽ നിരാശയോടെയാണ് ജനീവ വിട്ടത്.
വ്യക്തികളെ അനധികൃതമായി തടവിൽ പാർപ്പിക്കുന്നതിൽ ഇറാൻ ഭരണകൂടത്തിന് വലിയ പങ്കാണുള്ളതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചു. ഇറാനിലേക്ക് സഞ്ചരിക്കരുതെന്ന് യുഎസ് പൗരന്മാരോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇറാനിലുള്ള യുഎസ് പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും റൂബിയോ നിർദേശിച്ചു.