ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ചതിന് പിന്നാലെ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് സഹായിച്ചവരെയൊക്കെ പിടികൂടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
"ഭീകരതയ്‌ക്കെതിരായ നിരവധി മേഖലകളിലെ തീവ്രമായ പോരാട്ടത്തിലാണ് നമ്മൾ. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അനുശോചനം അറിയിക്കുന്നു," നെതന്യാഹു പറഞ്ഞു. അക്രമികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇത്തരത്തിലുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും നമ്മെ ദുർബലപ്പെടുത്തുന്നില്ല. ഗാസയിലടക്കം എല്ലായിടത്തും, നാം ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ വർധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും നെതന്യാഹു അറിയിച്ചു.
കിഴക്കൻ ജറുസലേമിലെ റാമോട്ട് ജങ്ഷനിലാണ് വെടിവെയ്പ്പുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്കാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ രണ്ട് ഭീകരരെ പിടികൂടിയതായി ഇസ്രയേൽ പൊലീസ് അറിയിച്ചിരുന്നു. നടന്നത് ഭീകരാക്രമണമാണെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറൻസിക് സംഘങ്ങൾ തെളിവുകൾ ശേഖരിക്കുമ്പോൾ ബോംബ് നിർമാർജന യൂണിറ്റുകൾ പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹായത്തിനായി സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.