ഗാസ സിറ്റി: ഗാസയിലേക്ക് സഹായമെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് ഇസ്രയേൽ. ഗാസ മുനമ്പിലേക്ക് സഹായ വിതരണത്തിനായി വാഹനങ്ങൾ എത്തിക്കുന്നതിന് ഇടനാഴികൾ തുറക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പ്രതിരോധ സേനയുടെ പ്രസ്താവനയിൽ മൂന്ന് മേഖലകളിലെ സൈനിക പ്രവർത്തനങ്ങളിൽ പ്രാദേശികമായ തന്ത്രപരമായി താൽക്കാലിക ഇടവേള പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 43 പേർ കൊല്ലപ്പെട്ടു. പ്രാദേശികമായി ചില പ്രദേശങ്ങളിലെ സൈനിക പ്രവർത്തനങ്ങളിൽ തന്ത്രപരമായി താൽക്കാലിക ഇടവേള പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ആക്രമണം തുടർക്കഥയാകുകയാണ്. സഹായത്തിനായി കാത്തുനിന്ന 29 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട് എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
കൂടാതെ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണങ്ങൾ കൂടി ഗാസയിലെ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ ആകെ പട്ടിണി മരണങ്ങളുടെ എണ്ണം 133 ആയി. ഇതിൽ 87 പേരും കുട്ടികളാണ് എന്നാണ് പുറത്തുവരുന്ന വിവരം.
ഐക്യരാഷ്ട്രസഭയും മറ്റ് സഹായ സംഘടനകളും, ഇസ്രയേലിൻ്റെ ചില സഖ്യകക്ഷികളും, ഗാസയിൽ വർധിച്ചുവരുന്ന ഭക്ഷ്യ പ്രതിസന്ധിക്ക് ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും, ഗാസയിലേക്ക് പ്രവേശനത്തിനും സഹായ വിതരണത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗാസയിലേക്ക് ഭക്ഷണമടക്കമുള്ള സഹായമെത്തിക്കാനായി പുറപ്പെട്ട ഹന്‍ദല ബോട്ട് അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് ഇസ്രയേല്‍ സൈന്യം തടഞ്ഞിരുന്നു. ഹന്‍ദല ബോട്ടുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടതായി ഫ്രീഡം ഫ്‌ളോട്ടില്ല കൊളീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രാദേശിക സമയം 11.43 ഓടെ ബോട്ടിലെ ക്യാമറകളും മറ്റും ഇസ്രയേല്‍ കട്ട് ചെയ്തതോടെ ഹന്‍ദലയിലെ ആക്ടിവിസ്റ്റുകളുമായുള്ള ആശയവിനിമയം നഷ്ടമായി.