

ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുമ്പോഴും ജനങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്രയേല്‍. അതിര്‍ത്തികളില്‍ നിന്ന് സഹായങ്ങളുമായി എത്തുന്ന കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടാന്‍ യുഎന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കുറവ് സഹായങ്ങള്‍ മാത്രമേ ഇപ്പോഴും ഇവിടെ ലഭിക്കുന്നുള്ളു എന്നും യുഎന്‍ ഔദ്യോഗിക വൃത്തം അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പലര്‍ക്കും ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിധ്യത്തില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത സാഹചര്യവും ഗാസയിലുണ്ട്.
അധീന വെസ്റ്റ് ബാങ്കിലെ നബ്ലൂസിലെ അസ്‌കര്‍ ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ പരിക്കേറ്റ ആണ്‍കുട്ടി മരിച്ചു. 18കാരാനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്‍ ആണ് വെള്ളിയാഴ്ച മരിച്ചത്.
അതേസമയം ഇസ്രയേല്‍ കരാറില്‍ ഉറച്ചു നില്‍ക്കാന്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗാസയില്‍ 1.5 മില്യണ്‍ ജനങ്ങള്‍ക്ക് അടിയന്തര പാര്‍പ്പിട സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. 31,000 ഷെല്‍ട്ടറുകളും 2,500 ടെന്റുകളും ഇതിനകം ഗാസയിലേക്ക് അയച്ചിട്ടുണ്ട്.
വീടും മറ്റും നശിച്ച ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും തെരുവിലാണെന്ന് യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.