സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം. സിറിയന്‍ സെെനിക ആസ്ഥാനത്തും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി. ആക്രമണങ്ങളില്‍ മൂന്നു പേർ കൊല്ലപ്പെട്ടെന്നും 28 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. തെക്കൻ സിറിയൻ നഗരമായ സുവെെദയില്‍ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ നീക്കം.
ഷിയാ ഭൂരിപക്ഷമേഖലയായ സുവെെദയിലെ ഡ്രൂസ് വിഭാഗങ്ങളും സുന്നി ബെഡൂയിൻ ഗോത്ര വിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 200 ലധികം പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഡ്രൂസുകളുടെ സംരക്ഷണം അവകാശപ്പെട്ടുകൊണ്ടാണ് ഇസ്രയേല്‍ സെെനികനീക്കം ആരംഭിച്ചത്.
ലോകമെമ്പാടുമുള്ള ഏകദേശം ഒരു ദശലക്ഷം ഡ്രൂസുകളിൽ പകുതിയിലധികവും സിറിയയിലാണ് താമസിക്കുന്നത്. 1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേൽ സിറിയയിൽ നിന്ന് പിടിച്ചെടുക്കുകയും 1981ൽ കൂട്ടിച്ചേർക്കുകയും ചെയ്ത ഗോലാൻ കുന്നുകൾ ഉൾപ്പെടെ, മറ്റ് ഡ്രൂസുകളിൽ ഭൂരിഭാഗവും ലെബനനിലും ഇസ്രായേലിലുമാണ് താമസിക്കുന്നത്. സ്വീഡയിൽ ഇരു വിഭാഗങ്ങൾക്കും ഇടയിൽ നേരത്തെ ശത്രുതയുണ്ട്. ഇതേതുടർന്ന് അല്‍-ഷരാ ഭരണകൂടം മേഖലയില്‍ കൂടുതല്‍ സെെന്യത്തെ വിന്യസിച്ചിരുന്നു.