
ഗാസയിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫയ്ക്ക് അടുത്തുള്ള സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്.
ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു. മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രയേൽ സൈന്യം നേരത്തെ കൊലപ്പെടുത്തിയ മൂന്ന് പേർക്ക് പുറമെയാണിത്.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ സഹായ വിതരണകേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസ മുനമ്പിലുടനീളം നടന്ന ഇസ്രയേല്‍ വെടിവെപ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് 45 പലസ്തീനികളാണ് ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത്. ഇവരിൽ പലരും യുഎസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നത്.
നെറ്റ്സാരിം ഇടനാഴിക്ക് സമീപമുള്ള ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിലേക്ക് അടുക്കാൻ ശ്രമിച്ചപ്പോൾ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് മധ്യ ഗാസ പ്രദേശങ്ങളിലെ അൽ-അവ്ദ, അൽ-അഖ്‌സ ആശുപത്രികളിലെ ഡോക്ടർമാർ പറയുന്നത്. വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിപ്പാർപ്പിച്ച മേഖലയാണിത്.
കഴിഞ്ഞയാഴ്ച, പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കും രാവിലെ ആറ് മണിക്കും ഇടയിൽ ജിഎച്ച്എഫ് കേന്ദ്രത്തിലേക്ക് പോകുന്ന വഴികളിലേക്ക് പ്രവേശിക്കരുതെന്ന് സൈന്യം പലസ്തീനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ റോഡുകളെ അടച്ചിട്ട സൈനിക മേഖലകളെന്നാണ് ഇസ്രയേല്‍ സൈന്യം വിശേഷിപ്പിച്ചത്. ശനിയാഴ്ച തങ്ങളുടെ വിതരണ കേന്ദ്രങ്ങളൊന്നും തുറന്നിട്ടില്ലെന്ന് ജിഎച്ച്എഫും പറഞ്ഞു.
സഹായവിതരത്തിനുള്ള മുന്നൂ മാസത്തെ ഉപരോധം ഇസ്രയേൽ ഭാഗികമായി നീക്കിയതിനെത്തുടർന്ന് മെയ് അവസാനമാണ് ജിഎച്ച്എഫ് ഗാസയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് തുടങ്ങിയത്. ഭക്ഷണം വാങ്ങാന്‍ എത്താൻ ശ്രമിക്കുന്നതിനിടെ ദിവസേനയുള്ള കൂട്ടവെടിവെപ്പിൽ നിരവധി പലസ്തീനികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.