
കുടിയൊഴിയണമെന്ന കര്‍ശന നിര്‍ദേശത്തിനു പിന്നാലെ മധ്യഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം. മധ്യഗാസയിലെ ദേര്‍ അല്‍ ബലായിലാണ് കര, വ്യോമാക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ സേന തുടക്കമിട്ടത്. ദക്ഷിണ ഗാസയില്‍ നിന്ന് ചിതറപ്പെട്ട ആയിരങ്ങള്‍ അഭയം തേടിയ സ്ഥലമാണ് ദേര്‍ അല്‍ ബലാ. അഭയാര്‍ഥി ക്യാംപുകള്‍ക്കൊപ്പം, ഭക്ഷ്യ-മെഡിക്കല്‍ സഹായങ്ങള്‍ സംഭരിച്ചിരിക്കുന്നതും, വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്.
ഹമാസിനെതിരെ പ്രഖ്യാപിച്ച 21 മാസത്തെ യുദ്ധത്തിനിടെ ഒരിക്കല്‍ പോലും ഇസ്രയേല്‍ ദേര്‍ അല്‍ ബലായില്‍ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ബന്ദികളെ ദേര്‍ അല്‍ ബലായില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേലിന്റെ പുതിയ സൈനിക നീക്കം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. കനത്ത വ്യോമാക്രമണം ഉണ്ടായെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാങ്കുകളും സൈനിക വാഹനങ്ങളും നഗരത്തിലേക്ക് എത്തിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ചയാണ് മധ്യഗാസയിലെ ജനതയോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചത്. ഹമാസിനെതിരെ കടുത്ത ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാല്‍, മധ്യ ഗാസയിലുള്ള ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണം. ദേര്‍ അല്‍ ബലാ മേഖലയിലെ താമസക്കാരും, ആഭ്യന്തരമായി ചിതറിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഭയം തേടിയവരും ഉള്‍പ്പെടെ എത്രയുംവേഗം ഒഴിഞ്ഞുപോകണം എന്നുമായിരുന്നു ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച ലഘുലേഖകള്‍ ഇസ്രയേല്‍ സേന വ്യോമമാര്‍ഗമാണ് മേഖലയില്‍ വര്‍ഷിച്ചത്.
ഇസ്രയേല്‍ സേനയുടെ അറബി ഭാഷയിലെ വക്താവ് അവിചയ് അദ്രെ എക്സിലും വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഇസ്രയേല്‍ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കലെന്ന് അദ്രെ എക്സില്‍ വ്യക്തമാക്കി. ഇതിനുമുമ്പ്‍ സേന പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങള്‍ ഉള്‍പ്പെടെ, ദേര്‍ അല്‍ ബലാ മേഖലയിലേക്ക് ഇസ്രയേല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്. പലസ്തീനികള്‍ സുരക്ഷാര്‍ത്ഥം മെഡിറ്ററേനിയന്‍ തീരത്തെ മവാസി മേഖലയിലേക്ക് മാറണമെന്നുമാണ് അദ്രെ അറിയിച്ചത്.