
യുദ്ധ ഭീകരതയെ തുടർന്ന് ഗാസയിൽ പട്ടിണിയിലായ ജനതയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ ഇസ്രയേൽ സൈന്യത്തിൻ്റെ വെടിയേറ്റു മരിച്ചു. റഫയിലെ ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രമാണിത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മൂന്ന് മാസത്തെ താൽക്കാലിക വെടിനിർത്തിലിന് പിന്നാലെ ഇസ്രയേൽ തന്നെ തെരഞ്ഞെടുത്ത അമേരിക്കൻ സ്പോൺസേർഡ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ്റെ (GHF) ഭക്ഷണവിതരണ കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. ഇതേ തുടർന്ന് ഭക്ഷണവിതരണം നടത്തേണ്ട നിരവധി കേന്ദ്രങ്ങൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗാസയിലെ ഭക്ഷണവിതരണം അവതാളത്തിലാണ്.
ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ് പലസ്തീൻ നിവാസികളിൽ നിന്ന് ചെറിയ തോതിൽ പ്രതിഷേധം ഉയർന്നത്. പിന്നാലെ ഇസ്രേയേലി സൈന്യം നിറയൊഴിക്കുകയായിരുന്നു എന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നോളം പലസ്തീനുകാർക്ക് വെടിയേറ്റെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിവെച്ചതെന്നും ഭക്ഷണം വാങ്ങാനെത്തിയവരിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നന് അറിയില്ലെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി ഭക്ഷണ വിതരണത്തിനിടെ നിയന്ത്രണവിധേയമല്ലാത്ത ചില സാഹചര്യങ്ങൾ ഉടലെടുത്തെന്നും, എന്നാൽ സൈന്യം രംഗം ശാന്തമാക്കിയെന്നും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
അതേസമയം, ഗാസയിലെ സൈനിക നീക്കങ്ങളില്‍ ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജർമനി. ഇസ്രയേലിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആയുധം നല്‍കില്ലെന്ന് ജർമന്‍ വിദേശകാര്യമന്ത്രി യോഹാൻ വാഡെഫുൾ. ഗാസയിലേക്ക് സഹായം തടയുന്നത് തുടർന്നാല്‍ ഇസ്രയേലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഹമാസിനെതിരായ പോരാട്ടമായി ഗാസയിലെ ആക്രമണങ്ങളെ വ്യാഖ്യാനിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ജർമ്മന്‍ ചാന്‍സിലർ ഫ്രെഡറിക് മെർസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് ഗാസയെ തള്ളിവിട്ട യുദ്ധത്തില്‍ യൂറോപ്യൻ യൂണിയനും യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.