
യുഎൻ ചാർട്ടറുകൾ എല്ലാം ലംഘിച്ചാണ് ഇസ്രയേൽ ഇറാനിൽ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് നയതന്ത്ര വിദഗ്ധർ. ഗാസയ്ക്ക് സമാനമായി യുദ്ധത്തിനു പാലിക്കേണ്ട ഒരു മര്യാദയും ഇറാനിലും രാജ്യം പാലിക്കുന്നില്ലെന്നാണ് വിമർശനം. മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംഘർഷത്തില്‍ ഇസ്രയേലിനുണ്ടായ നാശത്തിന്റെ യഥാർഥ ചിത്രം പുറത്തുവരുന്നുമില്ല.
ഇറാനിലേക്ക് ആദ്യ വ്യോമാക്രമണം നടത്തിയപ്പോൾ തന്നെ ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തു കഴിഞ്ഞിരുന്നു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിക്കണമെങ്കിൽ രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഇറാന് ആണവായുധം ഉണ്ടെന്നും അതുകൊണ്ട് ആക്രമിക്കുമെന്നും ഐക്യരാഷ്ട്രസംഘടനയെ അറിയിക്കണം. സംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കണം. സത്യമാണെന്നു തെളിഞ്ഞാൽ ഇറാനോട് പിന്മാറാൻ ആവശ്യപ്പെടാം. പിന്മാറുന്നില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കാം. ഇതല്ലാതെ ആക്രമണം നടത്തണമെങ്കിൽ അതു പ്രതിരോധത്തിന് ആകണം. ഒന്നുകിൽ ഇറാൻ ആക്രമിക്കണം. അല്ലെങ്കിൽ ഇറാൻ ആക്രമിക്കും എന്ന കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആന്റിസിപ്പേറ്ററി അറ്റാക്ക് അഥവാ മുൻകൂട്ടിക്കണ്ടുള്ള ആക്രമണം നടത്താം.
ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു പറഞ്ഞിട്ടില്ല. ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. എല്ലാ രാജ്യാന്തര നിയമവും അനുസരിച്ച് ഇസ്രയേൽ ചെയ്തത് കൊടിയ യുദ്ധക്കുറ്റമാണെന്നാണ് ഇപ്പോൾ വരുന്ന വിലയിരുത്തലുകൾ.
ഇറാനിലുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ വലിയതോതിൽ പുറത്തുവരുന്നുണ്ട്. എന്നാൽ, ഇസ്രയേലിൽ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല. അത് നാശം കുറവായതുകൊണ്ടല്ല എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ നേരത്തെ തന്നെ മാധ്യമ നിയന്ത്രണമുള്ള രാജ്യമാണ്. അവിടെ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി വ്യാഴാഴ്ച ഉത്തരവ് പുറത്തുവന്നിരുന്നു. അതനുസരിച്ച് ആക്രമിക്കപ്പെടുന്ന ഒരു പ്രദേശത്തിന്റെ യും വീഡിയോ ദൃശ്യങ്ങളോ ഫോട്ടോയോ എടുക്കാൻ അനുവാദമില്ല. ദേശീയ മാധ്യമം നൽകുന്നവ മാത്രമേ ഉപയോഗിക്കാവൂ. ഡ്രോണുകളോ വൈഡ് ആംഗിൾ ക്യാമറയോ ഉപയോഗിക്കാൻ അനുവാദമില്ല. ശത്രുരാജ്യം അയയ്ക്കുന്ന മിസൈലുകളുടേയോ ഇസ്രയേൽ പ്രയോഗിക്കുന്ന മിസൈലുകളുടേയോ ചിത്രങ്ങൾ എടുക്കാൻ പാടില്ല. യുദ്ധത്തെ തുടർന്നു പരിക്കുപറ്റുകയോ മരിക്കുകയോ ചെയ്യുന്നവരുടെ ദൃശ്യങ്ങൾ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. ഇത്രയും കർശനമായ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണ് ഇസ്രയേലിന്റെ ഭാഗത്തെ നാശത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരാത്തത്.