

പലസ്തീനിലെ കുട്ടികളുടെ ദുരവസ്ഥ വിവരിക്കുന്ന വീഡിയോ കണ്ട് താൻ കണ്ണീരണിഞ്ഞതായി ലോകപ്രശസ്ത നടൻ ജാക്കി ചാൻ. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് നടൻ വികാരാധീനനായത്.
താൻ കണ്ട ഒരു വീഡിയോയിൽ ഗാസയിലെ ഒരു കുട്ടി നൽകിയ മറുപടിയാണ് ജാക്കി ചാനെ വേദനിപ്പിച്ചത്. "നീ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം?" എന്ന ചോദ്യത്തിന് ആ കുട്ടി നൽകിയ മറുപടി, “ഞങ്ങളുടെ നാട്ടിലെ കുട്ടികൾ ഒരിക്കലും വളരുന്നില്ല," എന്നായിരുന്നു. ആ നിമിഷം തന്നെ തന്റെ കണ്ണുനീർ ഒഴുകാൻ തുടങ്ങിയതായി ജാക്കി ചാൻ പറഞ്ഞു.
"ആ വാചകം പറയുമ്പോൾ അവന്റെ മുഖത്ത് യാതൊരു ഭാവവുമില്ലായിരുന്നു. അതുകൊണ്ട് മനസിലാക്കുക, പ്രായമാകുക എന്നത് തന്നെ ഒരു വലിയ സന്തോഷമാണ്. ഗാസ... അവിടുത്തെ കുഞ്ഞുങ്ങൾ...ഓരോ ദിവസവും അവിടെ ബോംബുകൾ വർഷിക്കുകയാണ്. " ജാക്കി ചാൻ കൂട്ടിച്ചേർത്തു. പ്രായമാകുന്നത് വലിയൊരു അനുഗ്രഹമാണെന്ന് ചാൻ ഓർമിപ്പിച്ചു. പലരും പ്രായമാകുന്നതിനെ ഭയപ്പെടുമ്പോൾ, ഗാസയിലെ കുട്ടികൾക്ക് ആ പ്രായം വരെ ജീവിച്ചിരിക്കാൻ പോലും ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.
ഗാസയിലെ ദുരന്തങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്നും നടൻ പറഞ്ഞു. “യാതൊരു വികാരവുമില്ലാതെ ഒരു കുട്ടിക്ക് ഇത്തരമൊരു കാര്യം പറയാൻ കഴിയുന്നുണ്ടെങ്കിൽ,” ചാൻ പറഞ്ഞു, “അത് അവർ ജീവിക്കുന്ന ലോകത്തെക്കുറിച്ച് എല്ലാം നമുക്ക് പറഞ്ഞുതരുന്നുണ്ട്.”
2023 ഒക്ടോബറിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച സംഘർഷം രണ്ട് വർഷം പിന്നിടുമ്പോൾ 71,000 ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഈ പശ്ചാത്തലത്തിലാണ് ജാക്കി ചാന്റെ വൈകാരികമായ പ്രതികരണം ലോക ശ്രദ്ധ നേടുന്നത്.