ടോക്കിയോ: ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ 4.4 കിലോ മീറ്റർ ഉയരത്തിൽ പുകയും ചാരവും ഉയർന്നു. വലിയ അളവിൽ ലാവപ്രവാഹം ഉണ്ടാവുമെന്നതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അഗ്നി പർവ്വത സ്ഫോടനത്തെ തുടർന്ന് നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. 13 മാസത്തിനുള്ളിൽ 4 കിലോമീറ്ററോ അതിൽ കൂടുതലോ ഉയരത്തിലെത്തുന്ന ആദ്യത്തെ പൊട്ടിത്തെറിയാണിതെന്ന് ക്യോഡോ വാർത്താ ഏജൻസി പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
പൊട്ടിത്തെറിയെത്തുടർന്ന് അഗ്നിപർവ്വത ചാരം വടക്കുകിഴക്കായി നീങ്ങിയതായും കഗോഷിമയിലും സമീപത്തുള്ള മിയാസാക്കി പ്രിഫെക്ചറിലും ചാരം വീഴുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഎംഎ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ടോക്കിയോയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് സകുരാജിമ സ്ഥിതി ചെയ്യുന്നത്. ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് സകുരാജിമ. വ്യത്യസ്ത തലങ്ങളിലുള്ള സ്ഫോടനങ്ങൾ ഇവിടെ പതിവായി നടക്കുന്നുണ്ട്. 2019 ൽ ഇത് 5.5 കിലോമീറ്റർ (3.4 മൈൽ) വരെ ഉയരത്തിൽ ഇത് പൊട്ടി തെറിച്ചിരുന്നു. 1914-ലുണ്ടായ അഗ്നി പർവ്വത സ്ഫോടനത്തിൽ 58 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.