വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പരസ്പരം പോരടിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെയും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെയും കൂടിക്കാഴ്ച വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടെ ഫോക്സ് ന്യൂസ് അവതാരകൻ ബ്രയാൻ കിൽമീഡ് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും കൂടിക്കാഴ്ച കണ്ട് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിന് അസൂയ തോന്നുന്നുണ്ടാകാമെന്നാണ് ബ്രയാൻ കിൽമീഡ് പറഞ്ഞത്.
"ജെ.ഡി. വാൻസിന് അസൂയ തോന്നുന്നുണ്ടാകാമെന്ന് എനിക്ക് തോന്നുന്നു. ട്രംപ് മംദാനിയെ റണ്ണിംഗ് മേറ്റായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇരുവരും ചേർന്നപ്പോൾ ശരിക്കും അടിപൊളിയാണ്," ട്രംപും മംദാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബ്രയാൻ കിൽമീഡ് ഇങ്ങനെ പറഞ്ഞു. മംദാനിയുമായി സംസാരിക്കുമ്പോൾ ട്രംപ് അഭിനന്ദനം പ്രകടിപ്പിച്ചുവെന്ന് കിൽമീഡ് പറഞ്ഞു. സംഭാഷണത്തിനിടെ അവർ സൗഹൃദപരമായി ഹസ്തദാനം നൽകിയെന്നും കിൽമീഡ് കൂട്ടിച്ചേർത്തു.
മേയര്‍ തെരഞ്ഞെടുപ്പിനിടെയും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും അതിരൂക്ഷ ഭാഷയിലാണ് പരസ്പരം വിമർശിച്ചിരുന്നത്. മംദാനി വിജയിച്ചതിന് പിന്നാലെ ട്രംപ് ന്യൂയോര്‍ക്കിന് കമ്മ്യൂണിസ്റ്റ് മേയര്‍ വന്നിരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിൻ്റെ സമ്പൂര്‍ണവുമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച ട്രംപിനെ തൻ്റെ വിജയ പ്രസംഗത്തില്‍ മംദാനിയും വെല്ലുവിളിച്ചിരുന്നു. ''ട്രംപ് നിങ്ങളിത് കാണുന്നുണ്ടെന്ന് അറിയാം. എനിക്ക് നിങ്ങളോട് നാലേ നാല് വാക്കുകളേ പറയാനുള്ളു; ആ ശബ്ദം ഒന്ന് കൂട്ടിവയ്ക്കൂ...'' മംദാനിയുടെ പ്രതികരണം. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാന്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.