എബിസി ലേറ്റ് നൈറ്റ് ഷോയിലേക്കുള്ള തിരിച്ചുവരവിൽ വികാരാധീനനായി അവതാരകൻ ജിമ്മി കിമ്മെൽ. ഷോയിൽ കണ്ണുനിറഞ്ഞാണ് കിമ്മെൽ സംസാരിച്ചത്. ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് തമാശ പറയാൻ ശ്രമിക്കുന്നില്ലെന്നും കിമ്മെൽ പറഞ്ഞു. ഒരു യുവാവിന്റെ കൊലപാതകത്തെ നിസ്സാരമാക്കുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. മറ്റൊരാളുടെ മനസുമാറ്റുക എന്ന ഉദ്ദ്യേശ്യം എനിക്കില്ലായിരുന്നുവെന്ന് കണ്ഠമിടറിക്കൊണ്ട് കിമ്മെൽ പറഞ്ഞു.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രവർത്തികളെ തടസപ്പെടുത്താനും ആലോചിച്ചിട്ടില്ല. തന്റെ വാക്കുകൾ ചിലർക്ക് അവ്യക്തമായിരിക്കാം ചിലരെ അസവസ്ഥരാക്കിയിരിക്കാമെന്നും കിമ്മെൽ പറഞ്ഞു. എന്നാൽ ട്രംപിനെതിരെ വിമർശനമുയർത്താനും കിമ്മെൽ മടിച്ചില്ല. നമ്മുടെ നേതാവിന് തമാശ എടുക്കാൻ കഴിയുന്നില്ല, ആളുകളുടെ ജോലി പോകുന്നത് അയാൾ ആഘോഷിക്കുകയാണ്. അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലെന്നും കിമ്മെൽ പറഞ്ഞു.
ഷോ നിർത്തലാക്കിയ തീരുമാനം പിൻവലിച്ചതോടെ ഒരു ആഴ്ചയ്ക്ക് ശേഷം ജിമ്മി കിമ്മൽ എൽ ക്യാപിറ്റൻ തിയേറ്ററിൽ മടങ്ങിയെത്തുകയായിരുന്നു. ഷോയിൽ തിരിച്ചെത്തി. സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും പത്രപ്രവർത്തകരുടെയും കമന്റേറ്റർമാരുടെയും കോമിക്‌സിന്റെയും വാക്കുകൾക്ക് അനുമതി നൽകാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കഴിവിനെക്കുറിച്ചും കിമ്മെൽ പരാമർശിച്ചിരുന്നു.
യുഎസിലെ പ്രമുഖനായ അവതാരകൻ ജിമ്മി കിമ്മൽ അവതരിപ്പിക്കുന്ന ടോക്ക് ഷോ റദ്ദാക്കിയ നടപടി എബിസി നെറ്റ് വർക്ക് നേരത്തേ സ്വീകരിച്ചിരുന്നു. ചാർളി കേർക്ക് വധവുമായി ബന്ധപ്പെട്ട പരാമർശമാണ് കിമ്മലിന് കട്ട് പറയാൻ കാരണം. വൈറ്റ് ഹൗസിന്റെ സമ്മർദവും അതിനി പിന്നിൽ പ്രവർത്തിട്ടിരുന്നു.
കിമ്മലിന്റെ ഷോ നിർത്തിവച്ചതിൽ സന്തോഷവാർത്ത എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. "അമേരിക്കയ്ക്ക് സന്തോഷവാർത്ത, ജിമ്മി കിമ്മലിന്റെ ഷോ റദ്ദാക്കി. ചെയ്യേണ്ടത് ചെയ്യാൻ ഒടുവിൽ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങൾ. കിമ്മലിന് കഴിവില്ല,കോൾബെർട്ടിനെക്കാൾ മോശം റേറ്റിംഗുമാണ്." ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത് ഇങ്ങനെയാണ്.
ചാർളി കേർക്കിന്റെ കൊലപാതകിയെ കോടതിയിൽ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. ചാർളി കേർക്കിന്റെ കൊലപാതകി തങ്ങളിലൊരാൾ അല്ലെന്ന് സ്ഥാപിക്കാൻ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ ആരോപണം. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതും ട്രംപിന്റെ പ്രതികരണവുമുൾപ്പെടെ കിമ്മൽ തന്റെ പരിപാടിയിലൂടെ വിമർശിച്ചിരുന്നു.
2003 മുതൽ കിമ്മലിന്റെ രാത്രികാല പരിപാടി സംപ്രേഷണം ചെയ്തുവരുന്ന എബിസി പെട്ടെന്ന് ഷോ നിർത്തുന്നതായി അറിയിക്കുകയായിരുന്നു. കേർക്കിന്റെ മരണത്തെക്കുറിച്ചുള്ള കിമ്മലിന്റെ പരാമർശങ്ങൾ രാജ്യത്തെ ദേശീയ രാഷ്ട്രീയം സംഘർഷഭരിതമായി നിൽക്കുന്ന നിർണായക സമയത്ത് കുറ്റകരവും വൈകാരികവുമാണെന്ന് നെക്‌സ്‌സ്റ്റാറിന്റെ പ്രക്ഷേപണ വിഭാഗം പ്രസിഡന്റ് ആൻഡ്രൂ ആൽഫോർഡ് പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ഓസ്കർ അവതാരകൻ കൂടിയായ കിമ്മൽ.