

മിഷിഗണ്‍: ഇറാനെതിരെയുള്ള യുദ്ധത്തിലേക്ക് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വലിച്ചിഴച്ചതാണെന്ന് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇപ്പോള്‍ നടക്കുന്നത് അമേരിക്കന്‍ ജനത ആഗ്രഹിക്കാത്ത യുദ്ധമാണെന്നും കമല ഹാരിസ് പറഞ്ഞു.
ശനിയാഴ്ച ഡെട്രോയിറ്റില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി ഫണ്ട് ശേഖരണ പരിപാടിയിലാണ് സംസാരിക്കുകയായിരുന്നു അവര്‍. അമേരിക്കന്‍ ജനത ആഗ്രഹിക്കാത്ത യുദ്ധമാണ് ട്രംപ് ആരംഭിച്ചതെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടതനുസരിച്ച് യുഎസ് സൈനികരെ അപകടത്തിലാക്കുന്ന നടപടിയാണിതെന്നും കമല ഹാരിസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതാണെന്ന ആരോപണം നേരത്തേ ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞിരുന്നു. പ്രസിഡന്റ് ട്രംപിനോട് എന്ത് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞഉ കൊടുക്കുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ എന്നായിരുന്നു കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു ചോദിച്ചത്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. കടലിടുക്ക് പൂര്‍ണമായും അടച്ചുവെന്നും വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വെക്കുമെന്നുമാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചിരിക്കുന്നത്.
ജലപാത വീണ്ടും തുറന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് ഇറാന്റെ പുതിയ നീക്കം. ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎസിന്റെ ഉപരോധം നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ ആരോപിക്കുന്നു. കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നത് ശത്രുവിനുള്ള സഹായമായി കണക്കാക്കുമെന്നും അത്തരം കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.