കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്'; കിൻഷാസയുടെ തെരുവുകളെ മാലിന്യമുക്തമാക്കാൻ മുൻ ഗുണ്ടാ സംഘാംഗങ്ങൾ

നീല യൂണിഫോമും മഞ്ഞ ബൂട്ടുമണിഞ്ഞ് കയ്യിൽ ചൂലും കൊട്ടയുമായി കിൻഷാസയുടെ തെരുവുകളിൽ ചിട്ടയോടെ ജോലി ചെയ്യുന്ന ഈ ചെറുപ്പക്കാർ വെറും ശുചീകരണ തൊഴിലാളികളല്ല...
കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്'; കിൻഷാസയുടെ തെരുവുകളെ മാലിന്യമുക്തമാക്കാൻ മുൻ ഗുണ്ടാ സംഘാംഗങ്ങൾ
Source: Screengrab
Published on
Updated on

ഡി.ആർ. കോംഗോ: കിൻഷാസയിലെ തെരുവുകളിൽ മാലിന്യം നീക്കാൻ ഇറങ്ങിയിരിക്കുന്നത് മുൻ ഗുണ്ടാസംഘാംഗങ്ങൾ. മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് ശ്വാസംമുട്ടിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനത്തെ വൃത്തിയാക്കാൻ പ്രസിഡന്റ് ഫെലിക്സ് ഷിസെക്കേദി നിയോഗിച്ചത് പരിശീലനം ലഭിച്ച ‘ബിൽഡേഴ്‌സ്’ എന്ന പാരാമിലിട്ടറി സംഘത്തെയാണ്.

നീല യൂണിഫോമും മഞ്ഞ ബൂട്ടുമണിഞ്ഞ്, കയ്യിൽ ചൂലും കൊട്ടയുമായി കിൻഷാസയുടെ തെരുവുകളിൽ ചിട്ടയോടെ ജോലി ചെയ്യുന്ന ഈ ചെറുപ്പക്കാർ വെറും ശുചീകരണ തൊഴിലാളികളല്ല. ഒരു കാലത്ത് നഗരത്തെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയ 'കുലുന' എന്ന കുപ്രസിദ്ധ തെരുവ് ഗുണ്ടാസംഘത്തിലെ മുൻ അംഗങ്ങളാണ്. കുറ്റവാസനകൾ ഉപേക്ഷിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയ ഇവർ ഇന്ന് കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്' എന്ന പാരമിലിട്ടറി സംഘത്തിന്‍റെ ഭാഗമാണ്.

ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കിൻഷാസയിലെ പ്രധാന പ്രശ്നം കുന്നുകൂടുന്ന മാലിന്യങ്ങളായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരം കാണാൻ പ്രസിഡൻ്റ് ഫെലിക്സ് ഷിസെക്കേദി മുന്നോട്ടുവച്ച ആശയമാണ് നാഷണൽ സർവീസ് വഴിയുള്ള ഈ പുനരധിവാസ പദ്ധതി. വഴിതെറ്റിപ്പോയ ചെറുപ്പക്കാർക്ക് സൈനിക അച്ചടക്കത്തോടെ പരിശീലനം നൽകി, സ്വന്തം നാടിനെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഇവരെ ഏൽപ്പിച്ചു.

കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്'; കിൻഷാസയുടെ തെരുവുകളെ മാലിന്യമുക്തമാക്കാൻ മുൻ ഗുണ്ടാ സംഘാംഗങ്ങൾ
ഭൂകമ്പം ഉണ്ടായാലും കൂര്‍ക്കംവലിച്ച് ഉറങ്ങാന്‍ പറ്റുമോ? നേരേ ജപ്പാനിലേക്ക് വിട്ടോളൂ... 13.76 ലക്ഷം രൂപ സമ്മാനം നേടാം !

മാറ്റത്തിന് തുടക്കമായത് വളരെ പെട്ടെന്നാണ്. നഗരത്തിൻ്റെ പ്രധാന കേന്ദ്രമായ വിക്ടറി റൗണ്ട് എബൗട്ട് ഉൾപ്പെടെയുള്ള പ്രധാന വഴികൾ ഇന്ന് മാലിന്യമുക്തമാണ്. നാടിന് ഭാരമായിരുന്നവർ നാടിൻ്റെ നന്മയ്ക്കായി വിയർപ്പൊഴുക്കുന്നത് കണ്ട നാട്ടുകാരും വലിയ ആവേശത്തിലാണ്. തെറ്റുതിരുത്തി മുന്നേറാൻ അവസരം ലഭിച്ചാൽ ഏത് മനുഷ്യനിലും നന്മയുടെ ഒരു നാമ്പുണ്ടെന്ന് ഈ 'ബിൽഡേഴ്സ്' തെളിയിക്കുന്നു.

മാലിന്യക്കൂമ്പാരങ്ങളിൽ ശ്വാസംമുട്ടിയ ഒരു മെട്രോ നഗരത്തെ ശുദ്ധീകരിക്കുക മാത്രമല്ല, പാതിവഴിയിൽ നഷ്ടപ്പെട്ടുപോകേണ്ടിയിരുന്ന നൂറുകണക്കിന് യുവത്വങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് ഈ മാതൃകാ പദ്ധതി.

News Malayalam 24x7
newsmalayalam.com