

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ കമാൻഡറായ ബിലാൽ ആരിഫ് സറാഫിയെ പാകിസ്ഥാനിൽ ഈദ് പ്രാർഥനകൾക്ക് ശേഷം കുത്തിയും വെടിവച്ചും കൊലപ്പെടുത്തി കുടുംബം. മുരിദ്കെയിലെ മർകസിന് സമീപം നശിപ്പിക്കപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപമായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല, പക്ഷേ കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തതായും വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ബിലാൽ ആരിഫ് സലാഫി മരിച്ചു കിടക്കുന്നതായുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, അവയുടെ ആധികാരികതയെ കുറിച്ച് വെളിവായിട്ടില്ല.
മുരിദ്കെ സെന്ററിലേക്ക് അവരുടെ അജണ്ട പ്രചരിപ്പിക്കുന്നതിനുള്ള യുവാക്കളെ കണ്ടെത്തി റിക്രൂട്ട്‌മെൻറ് നടത്തുന്നത് ബിലാൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശയപരമായ പരിശീലനം നൽകി ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നു ബിലാൽ ചെയ്തു വന്നത്.
പതിറ്റാണ്ടുകളായി വിദേശനയത്തിൻ്റെ ഉപകരണങ്ങളായി ഭീകര ശൃംഖലകളെ വളർത്തിയ പാകിസ്ഥാന് തന്നെ ഒടുവിലിത് തിരിച്ചടിയായിരിക്കുകയാണ്. 2026 ലെ ആഗോള ഭീകരതാ സൂചികയിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ പാകിസ്ഥാൻ 2025 ൽ ലോകത്തിലെ ഏറ്റവും ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യമായി മാറി. ദക്ഷിണേഷ്യയിലുടനീളം, 2025നെ അപേക്ഷിച്ച് സ്ഥിതി കൂടുതൽ വഷളായ ഒരേയൊരു രാജ്യം പാകിസ്ഥാൻ മാത്രമാണ്.
പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ട് പ്രവിശ്യകൾ ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനുമാണ്. 74 ശതമാനം ആക്രമണങ്ങളും 67 ശതമാനം മരണങ്ങളും നടന്നതും ഈ പ്രവിശ്യകളിലാണ്.