

കെയ്റോ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിലെ പലസ്തീൻ ജനതയ്ക്കുള്ള ജീവകാരുണ്യ സഹായ പ്രവർത്തനങ്ങൾ നേരിൽ കാണാൻ ഏഴു തവണ ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ഈജിപ്ത് അതിർത്തിയിലെ റഫാ സന്ദർശിച്ചു. ഈജിപ്തിനെയും തെക്കൻ ഗാസ മുനമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റഫാ അതിർത്തിയിലെത്തിയ ബ്രിട്ടീഷ് റേസിങ് താരം, പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈജിപ്ഷ്യൻ റെഡ് ക്രസന്റ് വളന്റിയർമാരുമായും ദുരിതാശ്വാസ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ നീതിക്കും വെടിനിർത്തലിനും വേണ്ടി മുൻപും പരസ്യമായി ശബ്ദമുയർത്തിയ താരമാണ് ഹാമിൽട്ടൻ.
ബ്രസീലിലെ സാവോ പോളോ ഗ്രാൻപ്രീ മത്സരത്തിന് തൊട്ടുപിന്നാലെയാണ് ഫെറാറി താരമായ ലൂയിസ് ഹാമിൽട്ടൺ വടക്കൻ സീനായിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വടക്കൻ സീനായ് ഗവർണർ മേജർ ജനറൽ ഖാലിദ് മെഗാവെറിന്റെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് റഫാ അതിർത്തിയിലെത്തിയ താരം, ഈജിപ്ഷ്യൻ റെഡ് ക്രസന്റിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് വെയർഹൗസുകളും സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗാസയിലേക്ക് അയക്കാനായി എത്തുന്ന ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ തരംതിരിക്കുന്നതും വാഹനങ്ങളിൽ നിറയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ അദ്ദേഹം വിശദമായി മനസ്സിലാക്കി.
അതിർത്തിയിലെ സെക്യൂരിറ്റി കേന്ദ്രത്തിൽ വെച്ച് അറേബ്യൻ ശൈലിയിൽ 'അസ്സലാമു അലൈക്കും' എന്ന് ഹാമിൽട്ടൺ ദുരിതാശ്വാസ പ്രവർത്തകരെ അഭിവാദ്യം ചെയ്തതും ഏറെ കൗതുകമുണർത്തി. ദുരിതബാധിതർക്കായി സേവനം ചെയ്യുന്ന വളന്റിയർമാർക്ക് ഹസ്തദാനം നൽകി താരം അഭിനന്ദനം അറിയിച്ചു. ഈജിപ്ത് ഭരണകൂടവും വിവിധ രാജ്യാന്തര ഏജൻസികളും ചേർന്ന് ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങളെ അടുത്തറിയാനാണ് ഹാമിൽട്ടൺ സന്ദർശനം നടത്തിയതെന്ന് ഗവർണർ ഖാലിദ് മെഗാവെർ വ്യക്തമാക്കി. അതിർത്തിയിലെ ഈജിപ്ഷ്യൻ ഭാഗത്ത് മാത്രമാണ് താരം സന്ദർശനം നടത്തിയത്.
പ്രത്യക്ഷത്തിൽ വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മൂലം കടുത്ത മാനുഷിക പ്രതിസന്ധിയിലാണ് ഗാസയിലെ 20 ലക്ഷത്തിലധികം വരുന്ന ജനങ്ങൾ. പലായനം ചെയ്ത് താത്കാലിക ടെന്റുകളിൽ കഴിയുന്ന സാധാരണക്കാർക്ക് മഴക്കെടുതിയും പട്ടിണിയും മൂലം ജീവിതം ദുസ്സഹമായ അവസ്ഥയിലാണ്. പ്രതിദിനം നൂറുകണക്കിന് സഹായ ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണകളുണ്ടെങ്കിലും, ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ കാരണം വളരെ ചെറിയൊരു ശതമാനം ട്രക്കുകൾക്ക് മാത്രമാണ് റഫാ വഴി പ്രവേശനം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന കായിക താരങ്ങൾ അതിർത്തിയിൽ നേരിട്ടെത്തുന്നത് പലസ്തീൻ ജനതയുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ വീണ്ടും എത്തിക്കാൻ സഹായിക്കുമെന്നാണ് മേഖലയിലെ സന്നദ്ധസേവന സംഘങ്ങൾ വിലയിരുത്തുന്നത്.
റേസിങ് ട്രാക്കുകളിലെ പോരാട്ടങ്ങൾക്കൊപ്പം തന്നെ ലോകമെമ്പാടുമുള്ള വംശീയ വിവേചനങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരെ നിരന്തരം പരസ്യമായി നിലപാടുകൾ പ്രഖ്യാപിക്കാറുള്ള സെലിബ്രിറ്റിയാണ് ഹാമിൽട്ടൺ. ഫലസ്തീനിലെ നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിരപരാധികളും കൊല്ലപ്പെടുന്നതിനെതിരെ നേരത്തെയും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.