

വെനെസ്വെലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും ന്യൂയോർക്ക് കോടതിയിലെത്തിച്ചു. ഇന്ത്യന്‍ സമയം, 10. 30 ഓടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുക. മഡൂറോയെ കോടതിയിലെത്തിക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
ഹെലികോപ്റ്ററിലും കാറിലുമായി ആയുധധാരികളായ നിയമപാലകരുടെ അകമ്പടിയോടെയാണ് മഡൂറോയെ കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് കടത്ത് കുറ്റവുമായി ബന്ധപ്പെട്ടാണ് ഇരുവരും വിചാരണ നേരിടുക. ഒരു പരമാധികാര രാഷ്ട്രത്തലവൻ എന്ന നിലയിൽ മഡൂറോ വിചാരണയിൽ നിന്ന് മുക്തനാണെന്ന് വാദമായിരിക്കും മഡൂറോയുടെ അഭിഭാഷകർ ഉയർത്തുക എന്നാണ് സൂചന. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം.
മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചിരുന്ന മഡൂറോയെ അമേരിക്ക തിരിച്ചയക്കണമെന്ന് വെനിസ്വേലയുടെ പുതിയ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെനസ്വേലയുടെ ഭാവി കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ തയ്യാറല്ലെങ്കിൽ ഡെൽസി കനത്ത വില നൽകേണ്ടി വരുമെന്നും അത് ചിലപ്പോൾ മഡൂറോയ്ക്ക് ലഭിച്ചതിനേക്കാൾ വലുതാകാമെന്നും ട്രംപ് മുന്നറിയിപ്പ് ഇതിന് പിന്നാലെ മുന്നറിയിപ്പ് നൽകി. പിന്നീട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടുതൽ പ്രസിഡൻ്റ് ട്രംപുമായി സഹകരിക്കാൻ തയ്യാറാണെന്ന സൂചനയും റോഡ്രിഗസ് പങ്കുവെച്ചിരുന്നു.
വെനസ്വേലയുടെ സമ്പന്നമായ എണ്ണ, ധാതു വിഭവങ്ങളോടുള്ള ആസക്തിയാണ് അമേരിക്ക വെനസ്വേലയെ ലക്ഷ്യമിടുന്നതിന് പിന്നിലെന്ന് നേരത്തെ തന്നെ മഡൂറോ ആരോപിച്ചിരുന്നു. എണ്ണ സമ്പന്നമായ വെനിസ്വേലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപിൻ്റെ പദ്ധതിയുടെ ഭാഗമാണ് യുഎസ് ആക്രമണമെന്നുള്ളതും ഏറെക്കുറെ വ്യക്തമാണ്.