'താങ്ക്യൂ ഗീതു...'; മാൾട്ട പാർലമെന്റിലെ മലയാളി നഴ്സിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Malta PM praises Malayali nurse in parliament budget speech.
Malta PM praises Malayali nurse in parliament budget speech.
Published on: 
Updated on: 

യൂറോപ്യൻ രാജ്യമായ മാൾട്ടയിലെ പാർലമെന്റിൽ നടന്ന ബജറ്റ് പ്രസംഗത്തിനിടെ ഒരു മലയാളി നഴ്സിന്റെ പേര് എടുത്തുപറഞ്ഞ് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി റോബർട്ട് അബേല. മാൾട്ടയുടെ ആരോഗ്യരംഗത്ത് ആത്മാർത്ഥതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി മാറിയ തൃശൂർ ചാലക്കുടി മേലൂർ പയ്യപ്പള്ളി വീട്ടിൽ ഗീതു ലൂയിസിനാണ് രാജ്യത്തിന്റെ പരമോന്നത സഭയിൽ വെച്ച് അപൂർവ്വമായ ഈ ആദരം ലഭിച്ചത്. മാൾട്ടയുടെ വികസനത്തിലും പുരോഗതിയിലും ഇതര രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് വ്യക്തമാക്കാനാണ് ബജറ്റ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഗീതുവിന്റെ സേവനത്തെക്കുറിച്ച് വികാരാധീനനായി സംസാരിച്ചത്.

"എന്റെ പപ്പയ്ക്കും മമ്മിക്കും അസുഖം വന്നപ്പോഴും എന്റെ മകൾക്ക് പരിചരണം വേണ്ടി വന്നപ്പോഴും ഞങ്ങൾക്ക് തുണയായിരുന്നത് ഒരു മലയാളി നഴ്സ് ആയിരുന്നു. അവരുടെ പേര് ഗീതു... താങ്ക്യൂ ഗീതു," ഇതായിരുന്നു പാർലമെന്റിൽ റോബർട്ട് അബേലയുടെ വാക്കുകൾ. പ്രധാനമന്ത്രി അബേലയുടെ പിതാവും മാൾട്ടയുടെ മുൻ പ്രസിഡന്റുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരിക്കേറ്റതോടെയാണ് ഗീതു അബേല കുടുംബത്തിന്റെ പരിചരണ ചുമതല ഏറ്റെടുക്കുന്നത്. ഏകദേശം ഒരു വർഷത്തോളം ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഗീതു അവർക്കൊപ്പം കഴിഞ്ഞത്.

2018 ലാണ് ഗീതു ലൂയിസ് ജോലിക്കായി മാൾട്ടയിലെത്തുന്നത്. കോവിഡ് മഹാമാരി പടർന്നുപിടിച്ച നിർണ്ണായക ഘട്ടത്തിൽ, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ പരിശോധിക്കുക എന്ന അതിതീവ്രവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യം മറ്റ് പലരും ഏറ്റെടുക്കാൻ മടിച്ചുനിന്നപ്പോൾ ഗീതു സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. ഈ അസാധാരണ ധൈര്യവും കൃത്യനിഷ്ഠയും ശ്രദ്ധിക്കപ്പെട്ടതോടെ, മാൾട്ടയിലെ 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതല ഗീതുവിന് ലഭിച്ചു. ഇതോടെ മാൾട്ടയിലെ സർക്കാർ തലത്തിൽത്തന്നെ ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യപ്രവർത്തകരിൽ ഒരാളായി ഈ മലയാളി നഴ്സ് മാറുകയായിരുന്നു. നിലവിൽ മകൾ ടീനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഗീതു മാൾട്ടയിൽ താമസിക്കുന്നത്.