താജ്മഹലിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കടത്തിക്കൊണ്ടുപോയ മാർബിൾ ലേലത്തിന്; വില 36 ലക്ഷം രൂപ വരെ

താജ്മഹലിന് താഴെയുള്ള ഒരു രഹസ്യ ഭൂഗർഭ മുറിയിൽ നിന്നാണ് ഈ മാർബിൾ ഫലകം കണ്ടെത്തിയതെന്നാണ് ലേലവിവരങ്ങൾ പറയുന്നത്.
താജ്മഹലിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കടത്തിക്കൊണ്ടുപോയ മാർബിൾ ലേലത്തിന്; വില 36 ലക്ഷം രൂപ വരെ
Published on: 
Updated on: 

ലോകാത്ഭുതമായ താജ്മഹലിൽ നിന്ന് 200 വർഷം മുമ്പ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സ്വന്തമാക്കിയ അപൂർവ മാർബിൾ പാളി ഇനി ലേലത്തിന്. ഇന്ത്യയുടെ കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമകൾ പേറുന്ന ഈ മാർബിൾ യുകെയിലാണ് ലേലത്തിൽ വെക്കുന്നത്. ഏകദേശം 24 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെയാണ് ഇതിന് പ്രതീക്ഷിക്കുന്ന വില. താജ്മഹലിന് താഴെയുള്ള ഒരു രഹസ്യ ഭൂഗർഭ മുറിയിൽ നിന്നാണ് ഈ മാർബിൾ ഫലകം കണ്ടെത്തിയതെന്നാണ് ലേലവിവരങ്ങൾ പറയുന്നത്.

പൂക്കളുടെ മനോഹരമായ കൊത്തുപണികളും വർണാഭമായ കല്ലുകൾ പതിച്ച അലങ്കാരങ്ങളുമുള്ള ചതുരാകൃതിയിലുള്ള മാർബിൾ ഫലകമാണിത്. 'പിയെട്ര ദുറ' എന്നറിയപ്പെടുന്ന പ്രത്യേക കലാരീതിയിലാണ് ഇതിന്റെ നിർമാണം. അന്നത്തെ ആഗ്രയിലെ ചരിത്രസ്മാരകങ്ങളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ കേണൽ പൗനോൾ ഫിപ്സിനാണ് ഈ ശിൽപം ലഭിച്ചത്. താജ്മഹലിന്റെ സംരക്ഷണച്ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് ഇത് കൈവശം വെക്കാൻ അനുമതി ലഭിച്ചിരുന്നുവെന്നാണ് ലേലസ്ഥാപനമായ ലിയോൺ ആൻഡ് ടേൺബുൾ വ്യക്തമാക്കുന്നത്.

താജ്മഹലിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കടത്തിക്കൊണ്ടുപോയ മാർബിൾ ലേലത്തിന്; വില 36 ലക്ഷം രൂപ വരെ
"ലാൻഡ് ചെയ്യരുത്, വട്ടമിട്ട് പറക്കൂ"; ലോസ് ആഞ്ചലസിൽ ഭൂചലനം; ലാൻഡിങ്ങിനിടെ വിമാനം തിരിച്ചുപറത്തി

ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഫിപ്സ്. സ്മാരകങ്ങളിൽ നിന്ന് ഓർമയ്ക്കായി വസ്തുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചിരുന്ന യൂറോപ്യന്മാരെ പോലും അദ്ദേഹം തടഞ്ഞിരുന്നുവെന്നാണ് ലേലസ്ഥാപനത്തിന്റെ കുറിപ്പിലുള്ളത്. 1816ൽ കൊൽക്കത്തയിലേക്ക് സ്ഥലംമാറിയ അദ്ദേഹം, താൻ പരിപാലിച്ചിരുന്ന കെട്ടിടങ്ങളുടെ വിശദമായ ചിത്രങ്ങൾ വരയ്ക്കാൻ പ്രഗത്ഭരായ ഇന്ത്യൻ ചിത്രകാരന്മാരുടെ സംഘത്തെയും നിയോഗിച്ചിരുന്നു. ഇവയിൽ പല ചിത്രങ്ങളും പിന്നീട് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിന്റെ ശേഖരത്തിലെത്തി.

1823ൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങിയ ഫിപ്സിന്റെ കൈവശമുണ്ടായിരുന്ന മാർബിൾ ഫലകം പിന്നീട് തലമുറകളിലൂടെ കുടുംബശേഖരത്തിൽ തുടർന്നു. 1780ൽ ഇംഗ്ലണ്ടിലെ ഡെവോണിൽ ജനിച്ച അദ്ദേഹം 1799ലാണ് ബംഗാൾ സൈന്യത്തിലെ കേഡറ്റായി ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ചേർന്നത്. 1858ൽ അദ്ദേഹം അന്തരിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കുടുംബം സൂക്ഷിച്ച ഈ അപൂർവ ശിൽപമാണ് ഡിസംബർ 9ന് നടക്കുന്ന ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ലേലത്തിൽ വിൽക്കുന്നത്. താജ്മഹലിന്റെ പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും കേണൽ ഫിപ്സിന്റെ പേരക്കുട്ടി അച്ചടിച്ച ഒരു കത്തും മാർക്വിസ് ഓഫ് ബാത്ത് കൈയെഴുത്തിൽ തയ്യാറാക്കിയ മറ്റൊരു കത്തും ശിൽപത്തിനൊപ്പം ലേലത്തിനുണ്ട്.