ഇന്ത്യക്കും പാകിസ്ഥാനും മേലെ ഒരു കണ്ണ് എപ്പോഴുമുണ്ട്, വെടിനിര്‍ത്തല്‍ എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാമെന്ന് യുഎസ്

മെയ് 10നാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പതിന് പിന്നില്‍ അമേരിക്കയാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയത്.
മാർക്കോ റുബിയോയും ഡൊണാൾഡ് ട്രംപും
മാർക്കോ റുബിയോയും ഡൊണാൾഡ് ട്രംപും Source: AP
Published on

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തയത്.

വെടിനിര്‍ത്തല്‍ കരാറുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാം. അതിനെ നിലനിര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മാര്‍ക്കോ റുബിയോ പറഞ്ഞു. എന്‍ബിസി ന്യൂസിനോട് സംസാരിക്കവെയാണ് മാര്‍ക്കോ റുബിയോയുടെ പരാമർശം.

മാർക്കോ റുബിയോയും ഡൊണാൾഡ് ട്രംപും
"നാറ്റോയിൽ പ്രവേശനം നൽകില്ല, ക്രിമിയ തിരികെ ലഭിക്കില്ല"; സെലൻസ്‌കി വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ്

'വെടിനിര്‍ത്തല്‍ കരാര്‍ അതുപോലെ തുടര്‍ന്നുകൊണ്ടു പോവുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. നമ്മള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മേലേ ഒരു കണ്ണ് നമുക്ക് എപ്പോഴുമുണ്ട്. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' മാര്‍ക്കോ റുബിയോ പറഞ്ഞു.

'വെടിനിര്‍ത്തല്‍ കരാറുകള്‍ ഒക്കെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാവാം. പ്രത്യേകിച്ചും മൂന്നര വര്‍ഷമായി (യുക്രൈനില്‍) യുദ്ധം നടക്കുന്നത് നമ്മള്‍ കാണുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാകാനല്ല നമ്മള്‍ പരിശ്രമിക്കുന്നത്. ഇന്ന് സമാധാനം പുലരണം, അതുകൊണ്ട് ഇന്ന് ഇവിടെ യുദ്ധമില്ല, ഭാവിയിലും ഉണ്ടാവരുത്,' എന്നാണ് ആഗ്രഹിക്കുന്നതെന്നും മാര്‍ക്കോ റുബിയോ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇസ്ലാമാബാദില്‍ നാശ നഷ്ടം സംഭവിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ വഴങ്ങിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ട്രംപാണെന്ന് അവകാശവാദമുയര്‍ത്തുകയായിരുന്നു. പാകിസ്ഥാനും ട്രംപിന്റെ വാദം ശരിവെച്ചു രംഗത്തെത്തുകയും ചെയ്തു.

ഫോക്‌സ് ന്യൂസിന് നല്‍കിയ മറ്റൊരു അഭിമുഖത്തിലും ഇന്ത്യ-പാക് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് സമാനമായ പ്രസ്താവന റുബിയോ നടത്തിയിരുന്നു.

'സമാധാനമാണ് മുന്‍ഗണനയെന്ന് പ്രഖ്യാപിച്ച, അതിന് വേണ്ടി പ്രയത്‌നിക്കുന്ന ഒരു പ്രസിഡന്റ് ഉള്ളത് വലിയ ഭാഗ്യമാണ്. കംബോഡിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിൽ അത് നമ്മള്‍ കണ്ടു. ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു. റുവാണ്ടയിലും ഡിആര്‍സിയിലും കണ്ടു. ലോകത്ത് സമാധാനം കൊണ്ടു വരാനുള്ള സാധ്യമായ എല്ലാ കാര്യങ്ങളും യുഎസ് ഇനിയും തുടരും,' മാര്‍ക്കോ റുബിയോ പറഞ്ഞു.

മെയ് 10നാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പതിന് പിന്നില്‍ അമേരിക്കയാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയത്. രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ വാഷിങ്ടണിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും അടിന്തരമായ പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഇന്ത്യ ഇത് തള്ളിയെങ്കിലും ട്രംപ് വാദം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു രാജ്യത്തെ ഒരു നേതാവും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഇന്ത്യ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള സമ്മിറ്റ് യോഗത്തിലും ഒന്നിലധികം തവണ ഈ വാദം ട്രംപ് ആവര്‍ത്തിച്ചു. ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരു ആണവ യുദ്ധം നടന്നേനെ എന്നാണ് ട്രംപ് പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com