

ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഹിസ്ബുള്ള ഇനി ആക്രമിക്കരുതെന്ന ആവശ്യം ഇരുപക്ഷവും അംഗീകരിച്ചതോടെയാണ് ലെബനനിൽ വെടിനിർത്തലിന് ധാരണയായത്. തെക്കൻ ലിറ്റാനി സെക്ടറിൽ നിന്ന് ഹിസ്ബുള്ളയുടെ പ്രവർത്തകരെ പൂർണ്ണമായും പിൻവലിക്കണമെന്നും കരാറിൽ പറയുന്നു. യുഎസിൽ നടന്ന നാലാം റൗണ്ട് പ്രതിനിധികളുടെ ചർച്ച ഫലം കണ്ടതോടെയാണ് ലെബനനിൽ വെടിനിർത്തലിന് ധാരണയായത്.
ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം ഇരുപക്ഷവും അംഗീകരിച്ചു. ഹിസ്ബുള്ള പങ്കാളിയല്ലാത്ത ചർച്ചയിൽ, യുഎസിലെ ലെബനൻ- ഇസ്രയേൽ അംബാസിഡർമാരാണ് പങ്കെടുത്തത്. ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവെക്കണമെന്നും തെക്കൻ ലിറ്റാനി സെക്ടറിൽ നിന്ന് സൈനികരെ പൂർണ്ണമായും പിൻവലിക്കണമെന്നും കരാറിലുണ്ട്.
ലെബനൻ-ഇസ്രയേൽ തുടർ ചർച്ചകൾ ജൂൺ 22ന് നടക്കുമെന്നും സമഗ്രമായ ഒരു കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ചർച്ചകൾ നടക്കുകയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ വിശദീകരിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് ഇറാൻ അമേരിക്കയുമായുള്ള ചർച്ചകൾ നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് ലെബനനിൽ വെടിനിർത്തലിനായി അമേരിക്ക ചർച്ചകൾ വേഗത്തിലാക്കിയത്. യുദ്ധം പ്രഖ്യാപിക്കാൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി വേണമെന്നിരിക്കെ, പ്രസിഡൻ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഇറാനെതിരെയുള്ള ആക്രമണത്തിന് ട്രംപ് അനുമതി നൽകിയത്.
ഇന്ന് പുലർച്ചെ, ഒമാൻ കടലിൽ യുഎസ് കപ്പലിനെ ആക്രമിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ ആയി പ്രവർത്തിക്കുന്ന കപ്പലാണ് ആക്രമിച്ചതെന്നാണ് ഇറാൻ്റെ വാദം. ഇറാൻ്റെ വാണിജ്യകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കുള്ള മറുപടിയാണെന്നാണ് ഇറാൻ വ്യക്തമാക്കി. എന്നാൽ ഇറാന്റെ വാദത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ കുവൈറ്റ് വിമാനത്താവളത്തിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ നിഷേധിച്ചു. യുഎസ് പ്രതിരോധ മിസൈലാണ് വിമാനത്താവളത്തിൽ പതിച്ചതെന്നാണ് ഇറാൻ്റെ വാദം.
എന്നാൽ ഇറാന്റെ വാദങ്ങളെ തള്ളിയ കുവൈറ്റും അമേരിക്കയും, ഇറാൻ ജനവാസ മേഖലയിലേക്കാണ് ആക്രമണം നടത്തുന്നതെന്നും ആരോപിച്ചു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് കുവൈറ്റിന്റെ വിശദീകരണം. ഡ്രോൺ, വിമാനത്താവളത്തിൽ പതിക്കുന്നതും തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ നിലപാട് കടുപ്പിക്കുകയാണ് കുവൈറ്റ്. ഇറാനിയൻ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കുവൈറ്റ് 24 മണിക്കൂറിൽ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ ഇറാനെതിരായ യുദ്ധത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി കൊണ്ടുവന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭ പാസാക്കി. നാല് റിപ്പബ്ലിക് പാർട്ടി എംപിമാരും പ്രമേയത്തെ പിന്തുണച്ചതോടെ, 208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. മിഷിഗൺ, ഒഹായോ, പെൻസിൽവേനിയ, കെൻ്റകി എന്നീ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രതിനിധികളാണ് ഡെമോക്രാറ്റുകളുടെ പ്രമേയത്തെ അനുകൂലിച്ചത്. ഇറാനെതിരായ യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് സഭ പാസാക്കിയത്.