

ആയത്തൊള്ള ഖമനേയിയുടെ മകനായ മുജ്താബ ഖമനേയിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഐആർജിസിയുടെ കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് ഇറാൻ്റെ അസംബ്ലി ഓഫ് എക്സേപർട്സ് ആയത്തൊള്ളയുടെ രണ്ടാമത്തെ മകനായ മുജ്താബ ഖമനേയിയെ തെരഞ്ഞെടുത്തതെന്ന് ഇറാൻ, ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതോടെ പരമോന്നത നേതാവിന് തെരഞ്ഞെടുക്കുന്നതിൽ കടുത്ത അനിശ്ചിതത്വം ആണ് നിലനിന്നിരുന്നത്. ഇതിന് പിന്നാലെ പ്രസിഡൻ്റ് മസൂഡ് പെസെഷ്കിയാൻ, ഗുലാം ഹൊസൈൻ മൊഹ്സെനി എജെയി, അലിറേസ അറാഫി എന്നിവരടങ്ങിയ താത്ക്കാലിക മൂന്നംഗ സംഘമാണ് ഭരണം നിയന്ത്രിച്ചിരുന്നത്.
ആയത്തൊള്ള ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്തബ വർഷങ്ങളായി ഇറാൻ്റെ രാഷ്ട്രീയ,സൈനിക കാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നയാളാണ്. ആയത്തൊള്ള ഖമനേയിയുടെ ഓഫീസിൻ്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിലും മുജ്താബ പ്രധാന പങ്കു വഹിച്ചിരുന്നു.
അസംബ്ലി ഓഫ് എക്സ്പേർട്സിൽ മുജ്തബയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും ഐആർജിസിയുടെ പിന്തുണയാണ് മുജ്തബിന് തുണയായത്. മുജ്തബ് പരമോന്നത പദവിയിലേക്കെത്തുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക,വിദേശ നയങ്ങളിൽ വലിയ മാറ്റം വരുവാൻ സാധ്യതയുള്ളതായാണ് വിവരം.