

ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ എത്രയും വേഗം ആശുപുത്രിയിലേക്ക് മാറ്റണമെന്ന് പാക് സുപ്രീം കോടതി. അദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്റെ ആരോഗ്യസ്ഥിതി വഷളായതായതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍. 2023 മുതൽ ജയിലിൽ കഴിയുന്ന 73കാരനായ ഇമ്രാന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ഒരു വർഷമായി മോശമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇമ്രാന്റെ കുടുംബത്തിന്റെയും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. 48 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാനെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്. സെപ്റ്റംബര്‍ 16 വരെ അവിടെ ചികിത്സ തുടരും. എല്ലാ ആഴ്ചയും ഇമ്രാന് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം ഒരുക്കണം. ഇമ്രാന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ ഡോക്ടറെയും, സഹോദരിയും ഡോക്ടറുമായ ഉസ്‌മ ഖാനെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്നും, വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇമ്രാന്റെ ബന്ധുക്കള്‍ക്കും, അഭിഭാഷകര്‍ക്കും കര്‍ശന നിര്‍ദേശവുമുണ്ട്.
വിവിധ കേസുകളിലായി 2023 മുതല്‍ ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ ബന്ധുക്കളും അഭിഭാഷകരും പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യം അനുദിനം ക്ഷയിക്കുകയാണെന്നും വലതു കണ്ണിന്റെ കാഴ്ച മങ്ങിയിട്ടുണ്ടെന്നും അഭിഭാഷകര്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.
ഏറെ വൈകിയെങ്കിലും, സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പിടിഐ അറിയിച്ചു. ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കില്‍ ഇമ്രാന്റെ ആരോഗ്യവും കണ്ണിന്റെ കാഴ്ചയും ഇത്രത്തോളം ക്ഷയിക്കില്ലായിരുന്നെന്നും പിടിഐ വക്താവ് സുല്‍ഫിക്കര്‍ ബുഖാരി പ്രതികരിച്ചു.