2026 ലെ ബംഗ്ലാദേശ് തെരഞ്ഞടുപ്പിനു ശേഷം സര്‍ക്കാരിന്റെ ഭാഗമാകാനില്ല; നിലപാട് വ്യക്തമാക്കി മുഹമ്മദ് യൂനുസ്

ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് യൂനുസിന്റെ പ്രതികരണം
മുഹമ്മദ് യൂനുസ്
മുഹമ്മദ് യൂനുസ് Image: X
Published on
Updated on

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൻ്റെ ഭാഗമാകാനില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ്. പുതിയ സര്‍ക്കാരിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് യൂനുസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

2026 ഏപ്രിലിലാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് യൂനുസിന്റെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അധികാരം കൈമാറുന്നതിനായി നല്ല രീതിയില്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുക മാത്രമാണ് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും യൂനുസ് പറഞ്ഞു.

മുഹമ്മദ് യൂനുസ്
'പറഞ്ഞത് കുറച്ച് കൂടിപ്പോയി...'; ട്രംപിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ മസ്‌കിന് ഖേദം

തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു യൂനുസിന്റെ മറുപടി. അങ്ങനെയൊരു മോഹമേ ഇല്ലെന്നും, തനിക്ക് മാത്രമല്ല, ക്യാബിനറ്റ് അംഗങ്ങളില്‍ ആര്‍ക്കും അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലിഗീനെ കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങളെ കൊല്ലുകയും പൗരന്മാരെ ദുരിതത്തിലാക്കുകയും പൊതുമുതല്‍ മോഷ്ടിക്കുകയും ചെയ്തവരെ രാഷ്ട്രീയ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കാമോ എന്നത് വലിയ ചര്‍ച്ചയാണെന്നായിരുന്നു മുഹമ്മദ് യൂനുസിന്റെ ചോദ്യം.

ബംഗ്ലാദേശില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com