

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയതിനു പിന്നാലെ, വിരുദ്ധ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കെന്റകിയിലെ ഹെബ്രോണില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
ഇറാനില്‍ യുഎസിന്റെ 'ജോലി' പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നായിരുന്നു കെന്റകിയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ലക്ഷ്യങ്ങള്‍ തീര്‍ന്നതിനാല്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ഒരേ ദിവസം രണ്ടിടത്ത് രണ്ട് തരത്തിലായിരുന്നു ഇറാനെതിരെയുള്ള ആക്രമണത്തെ കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം. ആക്‌സിയോസ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്നും ഇറാനില്‍ ലക്ഷ്യം വെക്കാന്‍ ഇനി ഒന്നുമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാന്‍ സൈനിക ശേഷി പരമാവധി തകര്‍ന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. യുദ്ധം വിചാരിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. തനിക്ക് എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാം എന്നും ട്രംപ് പറഞ്ഞിരുന്നു.
ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ പ്രസ്താവനയും ട്രംപ് നടത്തിയത്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന പ്രസംഗത്തില്‍ കുറച്ചുകൂടി കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഇറാനില്‍ 'ജോലി' പൂര്‍ത്തിയാക്കാതെ മടങ്ങില്ല എന്നായിരുന്നു പുതിയ പ്രസ്താവന. ''നമ്മള്‍ വിജയിച്ചു കഴിഞ്ഞു. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാതെ നമ്മള്‍ മടങ്ങാന്‍ പോകുന്നില്ല. നമുക്ക് ആ ജോലി തീര്‍ക്കേണ്ടതുണ്ട്'. എന്നായിരുന്നു പരാമര്‍ശം.
ഫെബ്രുവരി 28 നാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം തുടങ്ങിയത്. നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഏകപക്ഷീയമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് യുഎസ് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.