ഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാനും മോദി അഭിനന്ദനങ്ങളറിയിച്ചു. ജനാധിപത്യ, പുരോഗമന ബംഗ്ലാദേശിനുള്ള എല്ലാ പിന്തുണയും തുടരുമെന്നും ജനങ്ങൾക്ക് നേതൃത്വത്തിലുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മറ്റ് ലോക നേതാക്കളും ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങൾ അറിയിച്ചു. ബംഗ്ലാദേശിലെ യുഎസ് അംബാസിഡർ ബ്രെന്റ് ടി. ക്രിസ്റ്റൻസനും ബിഎന്‍പിക്ക് അഭിനന്ദനമറിയിച്ചു. ബംഗ്ലാദേശ് ജനതയ്ക്കും ചരിത്രവിജയം നേടിയ താരിഖ് റഹ്മാന്‍റെ ബിഎന്‍പിക്കും അഭിനന്ദനങ്ങള്‍ എന്ന് പ്രസ്താവന. ബംഗ്ലാദേശ് - യുഎസ് സഹകരണത്തിന്‍റെ ഭാവി സാധ്യതകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു എന്നും ക്രിസ്റ്റൻസൻ അറിയിച്ചു.
ബംഗ്ലാദേശിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അവാമി ലീഗിന്റെ അസാന്നിധ്യത്തിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യും ജമാഅത്ത് ഇസ്ലാമിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രധാന പാര്‍ട്ടികളായി ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബിഎൻപി അധികാരം ഉറപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേടാനായത് 70ഓളം സീറ്റുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 വർഷത്തെ ലണ്ടൻ പ്രവാസത്തിന് ശേഷം ഡിസംബറിലാണ് താരിഖ് ധാക്കയിൽ മടങ്ങിയെത്തിയത്.