ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം ദൃഢമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി നല്ല സുഹൃത്താണെന്നും എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ താന്‍ നിരാശനാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെ മറുപടി നല്‍കി.
"പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നല്ല വിലയിരുത്തലിനെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇന്ത്യക്കും യുഎസിനും വളരെ നല്ലതും ക്രിയാത്മകവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്," മോദി എക്സില്‍ കുറിച്ചു.
ഇന്ത്യയും യുഎസുമായുള്ളത് 'പ്രത്യേക ബന്ധ'മാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും ആയിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 'ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല' എന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, സമീപകാലത്ത് മോദി എടുത്ത ചില നിലപാടുകളില്‍ തനിക്ക് അതൃപ്തി ഉള്ളതായും ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ?" എന്ന എഎൻഐയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമർശം.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലുള്ള അതൃപ്തി അറിയിക്കാനും ട്രംപ് മറന്നിരുന്നില്ല. ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെക്കുറിച്ചും ട്രംപ് സംസാരിച്ചു.
"ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യക്ക് വളരെ വലിയ തീരുവ ചുമത്തി - 50 ശതമാനം, വളരെ ഉയർന്ന താരിഫ്. നിങ്ങൾക്കറിയാവുന്നതുപോലെ മോദിയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം രണ്ട് മാസങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നു. വാസ്തവത്തിൽ ഞങ്ങൾ റോസ് ഗാർഡനിൽ പോയി ഒരു വാർത്താസമ്മേളനവും നടത്തി," ട്രംപ് പറഞ്ഞു.
ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ഒരുമിച്ച് നിന്നതില്‍ ഡൊണാൾഡ് ട്രംപ് തന്റെ നിരാശ പങ്കുവച്ചിരുന്നു. ചൈനയുടെ പടുകുഴിയിൽ വീണ് ഇന്ത്യയേയും റഷ്യയേയും നഷ്ടപ്പെട്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.