ചൈന: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ച ഇന്ന് നടത്തും. ഷാങ്ഹായ് കോഓപ്പറേഷൻ ഉച്ചകോടിയിൽ വെച്ചാണ് കൂടിക്കാഴ്ച. റഷ്യ - യുക്രെയ്ൻ യുദ്ധം ചർച്ചാ വിഷയമാകുമെന്നാണ് സൂചന. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നികുതി ചുമത്തിയതും ചർച്ചയായേക്കും. ചൈനയുടെ കൂടി സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളും നടത്തുന്ന കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്.
പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഷാങ്ഹായ് കോഓപ്പറേഷൻ ഓഗനൈസേഷൻ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വാങ്ങൽ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യ നിരന്തരമായ സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ച.
ട്രംപിന്റെ രണ്ടാമത്തെ യുഎസ് പ്രസിഡൻസിക്ക് ശേഷം നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും നടത്തുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, പുടിൻ മോദിയുമായി ഈ മാസം രണ്ട് തവണ സംസാരിച്ചിരുന്നു. വിദേശകാര്യമന്ത്രി ജയ്ശങ്കറുമായും പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതെന്നും മോദി പറഞ്ഞു.