യുഎസ്: നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യസംഘം അടിയന്തരമായി ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നു. ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്ന ഉണ്ടായതിനെ തുടർന്നാണ് അടിയന്തര മടക്കം.
ഡ്രാഗൺ പേടകത്തിെൻ്റെ അൺഡോക്കിങ് പ്രക്രിയ വിജയകരമായി നടന്നു. ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയാണ് ഉള്ളത്. ഇന്ത്യൻ സമയം ഉച്ചക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആരോഗ്യകാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്.
മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ് മൈക്ക് ഫിൻകെ (നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി (ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ് (റഷ്യ) എന്നിവരടങ്ങുന്ന സംഘമാണ് തിരികെയെത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ് ആരോഗ്യ പ്രശ്‌നം. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം ഇതോടെയാണ് നേരത്തെ തിരികെയെത്തുന്നത്.