

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് ഓഫർ പ്രഖ്യാപിച്ച് സൗദി അറേബ്യ. 3,500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് അനുവദിച്ചിട്ടുള്ളത്. വിലക്കുറവ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും മന്ത്രാലയം ശക്തമാക്കും.
സൗദി വാണിജ്യ മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. ലൈസൻസ് ഉപയോഗിച്ച് സ്ഥാപനത്തിൻ്റെ എല്ലാ ശാഖകളിലും വിൽപ്പന കേന്ദ്രങ്ങളിലും വിലക്കുറവ് നൽകാൻ കഴിയും. ഓഫറുകൾ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
ഡിസ്കൗണ്ട് ലൈസൻസിൽ നൽകിയിരിക്കുന്ന ഏകീകൃത ഇലക്ട്രോണിക് ബാർകോഡ് വഴി വിലക്കുറവിൻ്റെ ശതമാനം, കാലാവധി, സ്ഥാപനത്തിൻ്റെ വിവരങ്ങൾ തുടങ്ങിയവ ഉപഭോക്താവിന് അറിയാൻ കഴിയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അനുവദിക്കുന്ന വിലക്കുറവുകൾ സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് പരിധിയിൽ ഉൾപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.