
ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ മുന്‍ സുരക്ഷാ തലവന്മാര്‍. ആവശ്യമുന്നയിച്ച് 600 ഇസ്രയേലി മുന്‍ സുരക്ഷാ തലവന്മാര്‍ ഞായറാഴ്ച ട്രംപിന് കത്ത് നല്‍കി.
കത്തില്‍ ഒപ്പുവെച്ച 600 പേരില്‍ മുന്‍ മൊസാദ് ചീഫ് താമിര്‍ പാര്‍ദോ, മുന്‍ ഷിന്‍ ബെറ്റ് ചീഫ് അമി അയലോണ്‍, മുന്‍ ഉപ ഇസ്രയേലി ആര്‍മി തലവന്‍ മറ്റന്‍ വില്‍നായി എന്നിവരടക്കമുള്ളവരും ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ പറയുന്നത്.
20 ലക്ഷത്തിലധികം പലസ്തീനികള്‍ പട്ടിണി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഗാസയില്‍ നിന്ന് കഴിഞ്ഞ ദിവസം മെലിഞ്ഞുണങ്ങിയ രണ്ട് ഇസ്രയേല്‍ ബന്ദികളുടെ ചിത്രം പുറത്തുവന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ തലവന്മാര്‍ കത്തയച്ചിരിക്കുന്നത്.
സൈന്യം നേടേണ്ടതെല്ലാം ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. ബന്ദികളെ വിട്ടുകിട്ടുന്നത് ഇനിയും വൈകിക്കാനാവില്ല,' കമാന്‍ഡേഴ്‌സ് ഫോര്‍ ഇസ്രയേല്‍സ് സെക്യൂരിറ്റി (സിഐഎസ്) ഗ്രൂപ്പ് എക്‌സില്‍ കുറിച്ചു.
'ഇസ്രയേല്‍ സൈന്യം അവരുടെ മൂന്നില്‍ രണ്ട് ലക്ഷ്യങ്ങളും ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഹമാസിന്റെ സൈന്യത്തെയും ഭരണത്തെയും ഇല്ലാത്താക്കി കഴിഞ്ഞു. ഇനിയുള്ളത് ബന്ദികളെ വിട്ടുകിട്ടുക എന്നതാണ്. അതിന് ഒരു ഡീലിലൂടെ മാത്രമേ സാധിക്കുകയുള്ളു,' എന്നും കത്തില്‍ പറയുന്നു.
സിഐഎസിനെ ഓര്‍ത്തെങ്കിലും നിങ്ങള്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കൂ. ഇസ്രയേലിലെ ഏറ്റവും വലിയ മുന്‍ സൈനിക, മൊസാദ്, ഷിന്‍ബെറ്റ്, പൊലീസ്, ഡിപ്ലോമാറ്റിക് കോര്‍പ്‌സ് ഇക്വാലന്റ്‌സ് ഗ്രൂപ്പ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.
നെതന്യാഹുവിനെ നല്ല ദിശയിലേക്ക് നയിക്കുന്നതിലാണ് ട്രംപിന്റെ വിശ്വാസ്യത ഇരിക്കുന്നതെന്നും കത്തില്‍ പറയുന്നു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.