നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ തൂത്തെറിഞ്ഞ മിന്നല്‍ പ്രളയം; ഭൂചലനമെന്ന് ആദ്യം കരുതിയ പ്രകമ്പനത്തിന് കാരണമെന്ത്?

മഴയില്ലാത്ത, തെളിഞ്ഞ കാലാവസ്ഥയിലാണ് ടിബെറ്റ് അതിര്‍ത്തിയില്‍ നിന്ന് ഭോട്ടേ കോശി നദിയിലേക്ക് വെള്ളം പഞ്ഞെത്തിയത്
നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ തൂത്തെറിഞ്ഞ മിന്നല്‍ പ്രളയം; ഭൂചലനമെന്ന് ആദ്യം കരുതിയ പ്രകമ്പനത്തിന് കാരണമെന്ത്?
Published on
Updated on

നേപ്പാൾ–ചൈന അതിർത്തിയിൽ ഉണ്ടായ ശക്തമായ മലഞ്ചെരിവ് ഇടിച്ചിലും ഹിമപാളികളുടെ തകർച്ചയും വലിയ ദുരന്തമായി മാറിയത് എങ്ങനെ? ഭൂചലനമെന്ന് ആദ്യം കരുതിയ പ്രകമ്പനത്തിനു പിന്നിൽ യഥാർഥത്തിൽ സംഭവിച്ചത് എന്താണ്? ഹിമാലയത്തിലെ കാലാവസ്ഥാ വ്യതിയാനം ഇത്തരം ദുരന്തങ്ങളുടെ സാധ്യത എത്രത്തോളം വർധിപ്പിക്കുന്നു? പരിശോധിക്കാം...

ഒരു തുള്ളി മഴപോലും പെയ്യാതെ തെളിഞ്ഞ കാലാവസ്ഥയില്‍ നിന്ന സമയത്താണ് ടിബെറ്റ് അതിര്‍ത്തിയില്‍ നിന്ന് ഭോട്ടേ കോശി നദിയിലേക്ക് വെള്ളം പഞ്ഞെത്തിയത്. നിമിഷങ്ങൾക്കകം എല്ലാം കുത്തിഒലിച്ചുപോയി. ആകാശത്ത് കരിമേഘങ്ങളോ താഴ്‌വരകളിൽ പേമാരിയോ ഇല്ലാതെ മലനിരകളിൽ നിന്ന് ഇരച്ചെത്തിയ ഈ കൂറ്റൻ മലവെള്ളപ്പാച്ചിലിന് പിന്നിലെ കാരണങ്ങള്‍ അപ്പോഴും അവ്യക്തമായിരുന്നു. ബുധനാഴ്ച രാവിലെ 8.37-നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ–ചൈന അതിർത്തി മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി അമേരിക്കൻ ജിയോളജിക്കൽ സർവേ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേ സമയത്ത് തന്നെയാണ് ഭോട്ടേ കോശി നദിയുടെ പോഷകനദിയായ ലെൻഡെ ഖോലയിൽ വൻതോതിൽ വെള്ളപ്പാച്ചിൽ രൂപപ്പെട്ടതും. ടിബറ്റിലെ ഗ്യീറോംഗ് കൗണ്ടിയോട് ചേർന്ന മലനിരകളിൽ ഹിമപാളികളും മണ്ണും പാറകളും ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് തുടക്കമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?

ആദ്യം പ്രകമ്പനത്തെ തുടർന്ന് ഭൂകമ്പമാണെന്ന് സംശയമുണ്ടായി.എന്നാൽ പിന്നീട് നടത്തിയ വിലയിരുത്തലിൽ, വൻതോതിലുള്ള മലഞ്ചെരിവിടിച്ചിലും ഹിമപാളികളുടെ തകർച്ചയും ചേർന്നാണ് ശക്തമായ ആഘാതവും വെള്ളപ്പാച്ചിലും ഉണ്ടായതെന്ന് USGS തന്നെ വ്യക്തമാക്കി. ഇതിന്റെ ആഘാതം ഏകദേശം 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമായിരുന്നു എന്നാണ് വിലയിരുത്തൽ.

നേപ്പാളിലെ രസുവഗഡി മേഖലയിലാണ് ലെൻഡെ ഖോലയും ഭോട്ടേ കോശി നദിയും സംഗമിക്കുന്നത്. അതിർത്തി മേഖലയിൽ നിന്നുള്ള കുത്തിയൊഴുക്ക് പാലങ്ങളും ജലവൈദ്യുത പദ്ധതികളും അടക്കം തകർത്തു. ഭോട്ടേ കോശിയിലൂടെ തെക്കോട്ട് ഒഴുകിയ വെള്ളം തൃശൂലി നദിയിലേക്ക് എത്തി. രസുവ, നുവാക്കോട്ട്, ധാഡിംഗ് ഉൾപ്പെടെ ജില്ലകളിലെ ജനവാസ മേഖലകളെയും പ്രളയജലം ബാധിച്ചു. താഴ്വാരങ്ങളിലെല്ലാം തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ വിദേശ ടൂറിസ്റ്റുകളടക്കം നിരവധി ആളുകള്‍ നേപ്പാളിന്‍റെ സൌന്ദര്യം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. പുഴകളുടെ സമീപ പ്രദേശങ്ങളിലെല്ലാം ആളുകള്‍ തമ്പടിച്ചിരുന്നു. മുപ്പതടിയില്‍ അധികം ഉയരത്തില്‍, അതായത് മൂന്ന് നില കെട്ടിടത്തേക്കാള്‍ ഉയരത്തില്‍ കുത്തിയൊലിച്ചെത്തിയ വെള്ളം കടന്നുപോയ വഴിയിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒലിച്ചുപോയി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകളെ രാക്ഷസ തിരമാലകള്‍ക്ക് സമാനമായ രീതിയില്‍ വെള്ളം വിഴുങ്ങി. ബഹുനില കെട്ടിടങ്ങള്‍ മാത്രമല്ല ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളും അടക്കം കടന്നുപോയ വഴികളില്‍ ഒന്നും ബാക്കി വെക്കാതെയുള്ള ദുരന്തത്തിനാണ് നേപ്പാള്‍ സാക്ഷ്യം വഹിച്ചത്..

മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹിമതടാക വിസ്‌ഫോടനമാണ് ദുരന്ത കാരണമെന്ന വിലയിരുത്തലിലേക്ക് കാലാവസ്ഥാ വിദഗ്ധർ എത്തുന്നത്. മണ്ണിടിച്ചിലിനും ഹിമപാളികളുടെ തകർച്ചയ്ക്കും നിരവധി കാരണങ്ങളുണ്ടാകാം. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും ഹിമാലയൻ മേഖലയിലെ ദുരന്തത്തിന് പ്രധാന ഘടകങ്ങളായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. താപനില ഉയരുന്നതോടെ ഹിമാനികൾ വേഗത്തിൽ ഉരുകുകയും അവയുടെ സ്ഥിരത കുറയുകയും ചെയ്യും. ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള വെള്ളം മലകളിലെ പാറകളിലെയും വിള്ളലുകളിലെയും ഇടങ്ങളിലേക്ക് എത്തുമ്പോൾ പാറകളും മണ്ണും കൂടുതൽ ദുർബലമാകാം. ഇത് വലിയ തോതിലുള്ള മണ്ണിടിച്ചിലുകൾക്കും പെട്ടെന്നുള്ള വെള്ളപ്പാച്ചിലുകൾക്കും വഴിയൊരുക്കുന്നു. റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിലാണ് ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം.

ഉയർന്ന മലനിരകളിലെ ഹിമാനികൾ ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയാണ് ഇത്തരം സ്വാഭാവിക തടയണകൾ രൂപപ്പെടാറുള്ളത്. ഈ തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ ഹിമതടാകങ്ങളായി മാറുന്നു. മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ മഞ്ഞുരുക്കമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ തകരാനുള്ള സാധ്യത കൂടുതലാണ്. ഈ സംരക്ഷണ ഭിത്തികൾ തകരുന്നതോടെ ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളവും കൂറ്റൻ പാറകളും ചെളിയും അതിവേഗതയിൽ താഴ്വരകളിലേക്ക് കുതിച്ചെത്തും. ഇതിനെയാണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബസ്റ്റ് ഫ്ലഡ് അഥവാ ഹിമതടാക വിസ്‌ഫോടനം എന്ന് വിളിക്കുന്നത്. നേപ്പാളിൽ ഇത്തരം ഹിമാനി തടാകങ്ങൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയത്തിന് സാധ്യത ഉയർന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം ഇതേ മേഖലയിലുണ്ടായ സമാനമായ പ്രളയത്തിന് പിന്നിലും അയൽരാജ്യമായ ടിബറ്റിലെ ഒരു ഹിമാനി തടാകം കരകവിഞ്ഞൊഴുകിയതാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.

നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ തൂത്തെറിഞ്ഞ മിന്നല്‍ പ്രളയം; ഭൂചലനമെന്ന് ആദ്യം കരുതിയ പ്രകമ്പനത്തിന് കാരണമെന്ത്?
നേപ്പാള്‍ പ്രളയം: മരണം 162, എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍; മലയാളികള്‍ സുരക്ഷിതര്‍, കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യ

ഹിമാലയത്തിലെ ഉയരുന്ന ചൂട് ഒരു ഹിമാനിയെ ഉരുക്കുന്നത് മാത്രമല്ല. മലകളെ അസ്ഥിരമാക്കുകയും ഹിമാനി തടാകങ്ങളെ അപകടകരമായ ജലസംഭരണികളാക്കി മാറ്റുകയും ചെയ്യുന്നു. അതിനൊപ്പം ശക്തമായ മഴയും മണ്ണിടിച്ചിലും ഹിമപാളികളുടെ തകർച്ചയും ചേരുമ്പോൾ, ഏതാനും മിനിറ്റുകൾക്കുള്ളിൽ അതിർത്തിയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലകളിലേക്ക് പോലും ദുരന്തത്തിന്‍റെ ആഘാതം ചെന്നെത്തും. ഹിമാലയത്തിലെ ഓരോ പ്രകൃതിദുരന്തവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പ് കൂടിയായി മാറുകയാണ്.

News Malayalam 24x7
newsmalayalam.com