കാനഡ: ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവിടെ ഈ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാൻ എല്ലാവർഷവും ഇവിടേക്ക് എത്തുന്നത്. അമേരിക്കയും കാനഡയുമായി അതിർത്തി പങ്കിടുന്ന ഈ മനോഹര പ്രദേശം ശൈത്യകാലമായതോടെ മറ്റൊരു വിസ്മയ കാഴ്ചയായി മാറിയിരിക്കുകയാണ്. അതിശൈത്യത്തിൽ തണുത്ത് ഉറഞ്ഞ് നിൽക്കുകയാണ് നയാഗ്ര. ഈ അപൂർവ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് കടുത്ത തണുപ്പിനെ അവഗണിച്ചും എത്തുന്നത്.
പ്രകൃതി, മാന്ത്രികത കൊണ്ട് വീണ്ടും വീണ്ടും മനുഷ്യനെ അമ്പരിപ്പിക്കുകയാണ്. കഠിനമായ തണുപ്പും ശീതക്കാറ്റും വർധിച്ചതോടെയാണ് നയാഗ്ര ഒരു മഞ്ഞുമല പോലെയായി മാറിയത്. വെള്ളച്ചാട്ടം പൂർണമായും തണുത്തുറയുന്നില്ലെങ്കിലും വെള്ളത്തിന് മുകളിലായി ഐസ് കെട്ടി നിൽക്കുന്നത് വിസ്മയ കാഴ്ചയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിനും താഴെയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേഖലയിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ ഒഴുക്കിനെ അതൊന്നും ബാധിക്കുന്നില്ല. 1948ൽ ഇതിന് മുൻപും നയാഗ്ര തണുത്തുറഞ്ഞിട്ടുണ്ട്. വെള്ളച്ചാട്ടത്തിന് താഴെ മഞ്ഞുകട്ടകൾ അടിഞ്ഞുകൂടി വലിയ കുന്നുകൾ പോലെ മഞ്ഞ് മലകൾ രൂപപ്പെടാറുണ്ട് . ഇവയ്ക്ക് ഏകദേശം 40 മുതൽ 50 അടി വരെ ഉയരം ഉണ്ടാകും. ഋതുക്കൾക്കുമനുസരിച്ച് നയാഗ്ര സുന്ദരമായ കാഴ്ച്ചകൾ ഒരുക്കികൊണ്ടേയിരിക്കുന്നു.