
ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന പക്ഷം, ഒരു വെല്ലുവിളിയും രാജ്യത്തിന് ഭീഷണിയല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. രാജ്യത്തിനെതിരെ ഉയരുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ദേശീയ ഐക്യവും, അഭിപ്രായ യോജിപ്പുമാണ് പ്രധാന ഘടകങ്ങള്‍. ജനം കൂടെയുണ്ടെങ്കില്‍ ഒരു പ്രതിസന്ധിക്കും ഇറാനെ അപകടത്തിലാക്കാന്‍ കഴിയില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
ജനതയുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കണമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടു. ആളുകൾക്ക് സേവനങ്ങൾ ആവശ്യമുള്ളപ്പോഴെല്ലാം, എവിടെയാണെങ്കിലും ഉടനടി നടപടിയെടുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നണം. എല്ലാ പൗരന്മാർക്കും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍, വിവിധ രാജ്യങ്ങൾ ഇറാന് നൽകിയ പിന്തുണയ്ക്ക് പെസഷ്‌കിയാന്‍ നന്ദി അറിയിച്ചു. അയല്‍രാജ്യങ്ങളുമായുള്ള സഹകരണത്തിനും ആശയവിനിമയത്തിനും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു. സമയബന്ധിതവും ഉചിതവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രവിശ്യാ ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കേണ്ടതിന്റെ ആവശ്യകതയും മന്ത്രിസഭാ യോഗത്തില്‍ പെസഷ്‌കിയാന്‍ സൂചിപ്പിച്ചു.
അതേസമയം, ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കനത്ത പ്രതികാരമായിരിക്കും ഇസ്രയേല്‍ ഭരണകൂടം നേരിടാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരായ ജനങ്ങളെയും, ശാസ്ത്രജ്ഞരെയും, സൈനിക കമാന്‍ഡര്‍മാരെയും കൊന്നൊടുക്കിയ ഇസ്രയേല്‍ നടപടി ഭീരുത്വമാണ്. വര്‍ഷങ്ങളായി ശത്രുക്കളോടുള്ള നീരസം മനസില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും, കോപാഗ്നി ജ്വലിപ്പിക്കുന്നുണ്ടെങ്കിലും, ഒരിക്കല്‍പ്പോലും ഒരു യുദ്ധത്തിനോ സംഘര്‍ഷത്തിനോ തുടക്കമിട്ടിട്ടില്ല. പരസ്പര സംഭാഷണത്തിനുള്ള അവസരം ഇല്ലാതാക്കിയിട്ടില്ല. യുദ്ധത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇറാന്‍ നടത്തിയിട്ടില്ലെന്നും പാര്‍ലമെന്റ് പ്രസ്താവനയില്‍ അറിയിച്ചു.