സ്റ്റോക്ക്‌ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. യുഎസ് ശാസ്ത്രജ്ഞരായ മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ജപ്പാൻ സ്വദേശി ഷിമോൺ സകാഗുച്ചി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് ആണ് പുരസ്കാരം. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക.
പുതിയ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെയും കാൻസറിൻ്റേയും ചികിത്സാ സാധ്യത വർധിപ്പിക്കുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് നൊബേൽ. രോഗപ്രതിരോധ കോശങ്ങൾ നമ്മുടെ സ്വന്തം ശരീരത്തെ ആക്രമിക്കുന്നത് തടയുന്ന റെഗുലേറ്ററി ടി- കോശങ്ങളെ പുരസ്കാര ജേതാക്കൾ തിരിച്ചറിഞ്ഞു.
"നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ നിയന്ത്രിക്കാനാകും എന്നതുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരം. അതുവഴി സങ്കൽപ്പിക്കാവുന്ന എല്ലാ സൂക്ഷ്മാണുക്കളെയും ചെറുക്കാൻ കഴിയും" നൊബേൽ പ്രഖ്യാപനം നടന്ന കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ വാതരോഗ പ്രൊഫസർ മേരി വാഹ്രെൻ-ഹെർലേനിയസ് പറയുന്നു.
"മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണ് ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകൾ നിർണായകമായി" – നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെയും പറഞ്ഞു.
ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുണിനും ആയിരുന്നു 2024 ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബൽ സമ്മാനം ലഭിച്ചത്. ശരീരത്തിലെ ജീൻ പ്രവർത്തനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതിനുള്ള പ്രധാന ഘടകമായ മൈക്രോആർഎൻഎയുടെ വിപ്ലവകരമായ കണ്ടെത്തലിനായിരുന്നു പുരസ്കാരം.