
ആവശ്യമെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ തള്ളി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയം പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്ന് ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പരമ്പരാഗത സൈനിക മാര്‍ഗങ്ങള്‍ക്കൊപ്പം ആണവശക്തിയും ഉപയോഗിക്കണമെന്ന് മുതിര്‍ന്ന പാക് നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ട് രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് ഷെരീഫിന്റെ തിരുത്ത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ചൂടുപിടിച്ച ആണവായുധ ചര്‍ച്ചകള്‍ തണുപ്പിക്കുന്ന തരത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.
ശനിയാഴ്ച പാക് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഷെരീഫിന്റെ വാക്കുകള്‍. പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും ദേശീയ പ്രതിരോധത്തിനും വേണ്ടിയുള്ളത്. അല്ലാതെ ആക്രമണത്തിനു വേണ്ടിയുള്ളതല്ലെന്ന് അടിവരയിടുകയായിരുന്നു പാക് പ്രധാനമന്ത്രി. സിവിലിയന്‍ പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയാണെങ്കിലും, രണ്ട് മാസം മുന്‍പ് റഷ്യയിലെ പാക് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലിയുടെ പ്രസ്താവനയെ ഖണ്ഡിക്കുന്നതാണ് ഷെരീഫിന്റെ വാക്കുകള്‍.
ഇന്ത്യയുടെ സൈനിക നടപടിക്കെതിരെ പൂര്‍ണ ശക്തിയോടെ പ്രതികരിക്കുമെന്നായിരുന്നു റഷ്യന്‍ മാധ്യമമായ ആര്‍ടിയോട് സംസാരിക്കവെ ജമാലിയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രത്യേക പ്രദേശങ്ങൾ ലക്ഷ്യമിടുന്ന ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് ഇന്റലിജന്‍സ് സൂചന നല്‍കിയിട്ടുണ്ട്. അത്തരം എന്തെങ്കിലും ആക്രമണമോ, പാകിസ്ഥാന്റെ ജലവിതരണം തടസപ്പെടുത്തുന്ന നടപടികളോ ആണവ പ്രതികാരണത്തിന് കാരണമാകും -എന്നായിരുന്നു ജമാലിയുടെ വാക്കുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആണവ ആക്രമണ സാധ്യതകള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിന് പ്രസ്താവന കാരണമാകുകയും ചെയ്തിരുന്നു.
അതേസമയം, ആണവ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ മെയ് പകുതി വരെ നീണ്ടു. പാകിസ്ഥാനിലെയും, പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യ തകര്‍ത്തത്. കൃത്യതയുള്ളതും, സിവിലിയന്‍ നഷ്ടങ്ങള്‍ വരുത്താതെയുമുള്ള ആക്രമണമാണ് നടത്തിയത്. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കിയിരുന്നു.