ഇസ്ലമാബാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, മഡൂറോയെ തട്ടിക്കൊണ്ടുപോയതുപോലെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
തുർക്കിയും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും, ഞങ്ങൾ ഇതിനായി പ്രാർഥിക്കുന്നുണ്ടെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. നെതന്യാഹു മനുഷ്യരാശി കണ്ട ഏറ്റവും മോശം കുറ്റവാളിയാണ്. ലോകം ഇത്രയും വലിയ ഒരു കുറ്റവാളിയെ ഇതുവരെ കണ്ടിട്ടില്ല. ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്ക് തുല്യമായ ഒരു അതിക്രമവും ചരിത്രത്തിലില്ലെന്നും ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി.
മഡൂറോയെ തടവിലാക്കിയതിന് പിന്നാലെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. മഡൂറോ യുഎസിൽ വച്ച് വിചാരണ നേരിടണമെന്നായിരുന്നു ട്രംപിൻ്റെ ആഹ്വാനം. മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കൽ, യുഎസിനെതിരെ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഡൂറോയെ യുഎസ് സൈന്യം തടവിലാക്കിയത്.