
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പൊലീസ് ട്രെയിനിങ്ങ് സെന്ററില്‍ നടന്ന ചാവേറാക്രമണത്തിന് ശേഷമുള്ള വെടിവെപ്പില്‍ ഭീകരവാദികളും പൊലീസും കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. ചിലരെ ട്രെയിനിങ്ങ് സെന്റര്‍ സ്‌കൂളില്‍ തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിലാണ് മൂന്ന് തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടത്. അതേസമയം വെടിവെപ്പില്‍ ഏഴോളം പൊലീസുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 13 ഓളം പാക് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തില്‍ ട്രെയിനികളെയും സ്റ്റാഫ് അംഗങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. എസ്എസ്ജി കമാന്‍ഡോസ്, അല്‍ ബുര്‍ഖ് ഫോഴ്‌സ്, എലീറ്റ് ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് നടപടി.
വെള്ളിയാഴ്ച രാത്രി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊലീസ് ട്രെയിനിങ്ങ് ക്യാംപിന്റെ ഗേറ്റ് കടന്നെത്തുകയായിരുന്നു. തുടര്‍ന്ന് വലിയ സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തിന് ശേഷം വിവിധ യൂണിഫോം ധരിച്ചെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു. വെടിവെപ്പിനിടെ ആക്രമകാരികളെ പൊലീസ് വളയുകയായിരുന്നു.
ആക്രമണം നടക്കുന്ന സമയത്ത് 200 ഓളം ട്രെയിനികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ട്രെയിനിങ്ങ് ക്യാംപില്‍ ഉണ്ടായിരുന്നതായി ഡിപിഒ ദേര ഇസ്മായില്‍ ഖാന്‍ സഹിബ്‌സാദ സജ്ജദ് അഹ്‌മ്മദ് പറഞ്ഞു. അഞ്ച് മണിക്കൂറോളം നീണ്ട വെടിവപ്പിനൊടുവിലാണ് ആറ് തീവ്രവാദികളെ കൊലപ്െപടുത്തിയത്.