

ഇസ്ലാമാബാദ്: ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത പരിരക്ഷ നൽകാൻ ഒരുങ്ങി പാകിസ്ഥാൻ പാർലമെൻ്റ്. ഇതോടെ ആണവായുധ സായുധ രാഷ്ട്രത്തിൽ സൈന്യത്തിന് ഇത് കൂടുതൽ അധികാരം ഉറപ്പിക്കും.
സൈനിക ശാഖകളിൽ മുനീറിൻ്റെ നിയന്ത്രണം വിപുലീകരിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലും പാർലമെൻ്റ് അധോസഭ അംഗീകരിച്ചു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം വിദേശനയം മുതൽ ആഭ്യന്തര രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ വരെയുള്ള നിർണായക വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് പാകിസ്ഥാൻ സൈന്യമാണ്.ഇതിന് ശേഷം, അസീം മുനീറിനെ ഫോർ-സ്റ്റാർ ജനറലിൽ നിന്ന് രാജ്യത്തിൻ്റെ രണ്ടാമത്തെ ഫീൽഡ് മാർഷലായി ഉയർത്തുകയും ചെയ്തിരുന്നു.
യുഎസുമായുള്ള പാകിസ്ഥാൻ്റെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതും മുനീറായിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുനീറിനെ തൻ്റെ "പ്രിയപ്പെട്ട ഫീൽഡ് മാർഷൽ" എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും തലസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ നടന്ന മാരകമായ സ്ഫോടനങ്ങളിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുനീറിൻ്റെ അധികാരം വിപുലപ്പെടുത്തുന്നതിനുള്ള നീക്കം.
സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഉള്ള അധികാരമടക്കം ഇതിൻ്റെ പരിധിയിൽ വരുന്നു. സുപ്രീം കോടതിയുടെ അധികാരങ്ങള്‍ കുറയ്ക്കുന്നതിന് ഒരു ഫെഡറല്‍ ഭരണഘടനാ കോടതി സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.