ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 10ന് പുലർച്ചെ ആക്രമണത്തിനായി സേന സജ്ജമായിരുന്നെന്നാണ് ഷെഹ്ബാസ് ഷെരീഫിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ പാക് സേനയുടെ ആക്രമണത്തിന് മുൻപ് തന്നെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചു. അസർബൈജാനിൽ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഫജ്ർ പ്രാർഥനകൾക്ക് തൊട്ടുപിന്നാലെ പുലർച്ചെ 4:30ന് ഇന്ത്യയെ ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഷെഹ്ബാസ് ഷെരീഫ് പറയുന്നു. "ഫജ്ർ പ്രാർഥനയ്ക്ക് ശേഷം ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ ഞങ്ങളുടെ സേന സജ്ജമായിരിക്കുകയായിരുന്നു. എന്നാൽ അതിനുമുമ്പ്, റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാകിസ്ഥാനിലെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചു," അസർബൈജാനിൽ സംസാരിക്കവെ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് വലിയ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായല്ല. ഇന്ത്യ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമത്താവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മെയ് 10ന് നടത്തിയ ആക്രമണത്തിൽ ഇന്ത്യ വ്യോമത്താവളവും മറ്റു സ്ഥലങ്ങളും ആക്രമിച്ചെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. പാക് സൈനിക തലവനായ ജനറല്‍ അസിം മുനീര്‍ ആക്രമണത്തെക്കുറിച്ച് അറിയിക്കുന്നതിനായി തന്നെ പുലര്‍ച്ചെ 2.30 ന് വിളിച്ചുവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
"ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകള്‍ നൂര്‍ ഖാന്‍ വ്യോമത്താവളത്തിലും മറ്റു പ്രദേശങ്ങളിലും പതിച്ചതായി മെയ് 10ന് പുലര്‍ച്ചെ 2.30ന് ജനറല്‍ സയ്യിദ് അസിം മുനീര്‍ എന്നെ വിളിച്ച് അറിയിച്ചു. നമ്മുടെ വ്യോമ സേന രാജ്യത്തെ രക്ഷിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചു. കൂടാതെ ചൈനീസ് ജെറ്റുകള്‍ക്ക് മുകളില്‍ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചു," ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. നൂറിലേറെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്റെ റഡാര്‍ സ്റ്റേഷനുകളും 11 വ്യോമത്താവളങ്ങളും അടക്കം തകര്‍ത്തിരുന്നു.