ഏഷ്യാകപ്പ് ബഹിഷ്കരണം നാടകീയമായി അവസാനിപ്പിച്ച് പാകിസ്താൻ.പിസിബി ചെയർമാൻ നിർദേശിച്ചതോടെ പാക് ടീം മത്സരത്തിന് സജ്ജരായി. യുഎഇക്കെതിരായ മത്സരം ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. മാച്ച് റഫറിയെ മാറ്റില്ലെന്ന് ഐസിസി അറിയിച്ചതോടെയാണ് പാകിസ്താൻ പ്രതിഷേധം ഉയർത്തിയത്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാകിസ്ഥാന്‍-യുഎഇ മത്സരത്തിന് ടോസ് വീണത്. പാകിസ്ഥാന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്‍റെ സാന്നിധ്യത്തില്‍ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
റഫറിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മത്സരത്തിനില്ലെന്ന നിലപാടിൽ പാകിസ്ഥാൻ എത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശം നിൽകിയിരുന്നു. ഇതോടെയാണ് ഇന്ത്യൻ സമയം രാത്രി 8:00 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം വൈകിയത്.
ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പിസിബി ആരോപിച്ചിരുന്നു. എന്നാൽ അടുത്ത മത്സരങ്ങളിൽ നിന്ന് ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചത് പാക് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അതേ തുടർന്ന് ചൊവ്വാഴ്ച യുഎഇക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം നടത്താനിരുന്ന പ്രീ മാച്ച് പത്രസമ്മേളനം റദ്ദാക്കിയിരുന്നു.
ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാന് നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടത്.
അതിനിടെ 2025 ഏഷ്യ കപ്പിൽ ഇത്തവണ ഇന്ത്യൻ ടീം ചാംപ്യൻമാരായാൽ പാകിസ്ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചതും ചർച്ചയായി. ഈ സന്ദേശം എസിസിക്കും കൈമാറിയിട്ടുണ്ടെന്നും താരം അറിയിച്ചിരുന്നു. മൈതാനത്ത് വച്ച് പെട്ടെന്ന് കൈ കൊടുക്കരുതെന്ന ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിൽ നഖ്‌വി അസ്വസ്ഥനായിരുന്നു എന്ന് എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.