ചൈനയുടെ റോക്കറ്റിൽ പാക് ബഹിരാകാശ സഞ്ചാരി; മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം!

ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗോബി മരുഭൂമിയിലുള്ള ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് 2എഫ് റോക്കറ്റാണ് മൂന്ന് പേരെയും വഹിച്ച് കുതിച്ചുയർന്നത്.
ചൈനയുടെ റോക്കറ്റിൽ പാക് ബഹിരാകാശ സഞ്ചാരി; മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം!
Published on: 
Updated on: 

ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈന. ചൈനയുടെ സ്വന്തം മനുഷ്യസഹിത ബഹിരാകാശ പേടകത്തിൽ ആദ്യമായി ഒരു വിദേശ ബഹിരാകാശ സഞ്ചാരി യാത്ര തിരിച്ചു. പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് സീഷാൻ അലിയാണ് ചൈനയുടെ ഷെൻഷോ-24 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനീസ് ബഹിരാകാശ സഞ്ചാരികളായ ടാങ് ഹോങ്ബോ, വു യി എന്നിവർക്കൊപ്പമാണ് സീഷാൻ അലി യാത്ര തിരിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗോബി മരുഭൂമിയിലുള്ള ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് 2എഫ് റോക്കറ്റാണ് മൂന്ന് പേരെയും വഹിച്ച് കുതിച്ചുയർന്നത്.

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്കാണ് സംഘം യാത്ര ചെയ്യുന്നത്. അവിടെ ശാസ്ത്രീയ പരീക്ഷണങ്ങളും സാങ്കേതിക പഠനങ്ങളും നടത്തും. ബഹിരാകാശ ജീവശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലായി ഏകദേശം 90 പരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും ദൗത്യത്തിന്റെ ഭാഗമാണ്. ചൈനയുടെ മനുഷ്യസഹിത ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ഷെൻഷോ-24 വിക്ഷേപിച്ചത്. ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ തുടരുകയും നിലയത്തിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് വിദേശ സഞ്ചാരിയെ എത്തിക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിനും പുതിയ വഴികൾ തുറക്കുകയാണ് ഈ ദൗത്യം.

ചൈനയുടെ റോക്കറ്റിൽ പാക് ബഹിരാകാശ സഞ്ചാരി; മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം!
ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടമായത് 4.9 ലക്ഷം സൈനികർ: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് പരമ്പരയിലെ പ്രധാന വിക്ഷേപണ വാഹനമാണ് ലോങ് മാർച്ച് 2എഫ്. മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ നിലവിൽ ചൈന ഉപയോഗിക്കുന്ന സജീവ റോക്കറ്റുകളിൽ പ്രധാനപ്പെട്ടതും ഇതാണ്. ഏകദേശം 58 മീറ്റർ ഉയരമുള്ള റോക്കറ്റിന് നാല് ബൂസ്റ്ററുകളുണ്ട്. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന ഈ റോക്കറ്റ്, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാൻ ആവശ്യമായ ശക്തി നൽകുന്നു.1999 നവംബർ 20നായിരുന്നു റോക്കറ്റിന്റെ ആദ്യ വിജയകരമായ വിക്ഷേപണം. 2003ൽ ഷെൻഷോ-5 പേടകത്തിലൂടെ യാങ് ലിവെയെ ബഹിരാകാശത്ത് എത്തിച്ചതും ഈ റോക്കറ്റായിരുന്നു. ഇതോടെ മനുഷ്യനെ സ്വതന്ത്രമായി ബഹിരാകാശത്തേക്ക് അയച്ച മൂന്നാമത്തെ രാജ്യമായി ചൈന മാറി.

2003ൽ ആദ്യ ചൈനീസ് പൗരനെ ബഹിരാകാശത്ത് എത്തിച്ച ലോങ് മാർച്ച് 2എഫ്, പിന്നീട് ചൈനയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള നിരവധി മനുഷ്യസഹിത ദൗത്യങ്ങൾക്കും പിന്തുണ നൽകി. ഇപ്പോൾ പാകിസ്ഥാനിൽ നിന്നുള്ള സഞ്ചാരിയെ സ്വന്തം പേടകത്തിൽ ബഹിരാകാശത്തേക്ക് അയച്ചതോടെ ചൈനയുടെ മനുഷ്യ ബഹിരാകാശ പദ്ധതിക്ക് പുതിയ അധ്യായം തുറക്കുകയാണ്. ബഹിരാകാശ രംഗത്ത് ചൈനയുടെ സ്വാധീനം വർധിക്കുന്നതിന്റെ മറ്റൊരു സൂചനയായും ഈ ദൗത്യം വിലയിരുത്തപ്പെടുന്നു.