

റാവൽപിണ്ടി: പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരക റാബിയ അഹ്സാൻ (41) സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചു. റാവൽപിണ്ടിയിലെ ഗുൽഷനാബാദ് മേഖലയിലെ വസതിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാർത്താ ചാനലുകളിലും ജനപ്രിയ പരിപാടികളിലും അവതാരകയായി പാകിസ്താനിലെ മാധ്യമരംഗത്ത് ശ്രദ്ധേയ മുഖമാണ് റാബിയ അഹ്സാൻ. രണ്ട് പെൺമക്കളുടെ മാതാവാണ് ഇവർ.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് രേഖകളിൽ പറയുന്നു. സംഭവസമയത്ത് റാബിയയുടെ മാതാവും സഹോദരിയും വീടിന്റെ മുൻവശത്തെ പുൽത്തകിടിയിലായിരുന്നു ഉണ്ടായിരുന്നത്. വീടിനുള്ളിൽനിന്ന് വലിയ ശബ്ദത്തിൽ വെടിയൊച്ച കേട്ട് സഹോദരി അൽവീന കിടപ്പുമുറിയിലേക്ക് ഓടിയെത്തിയപ്പോൾ റാബിയ രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുന്നതാണ് കണ്ടത്. ഈ സമയം ഭർത്താവ് അഹ്സാൻ താഹിർ കൈയിൽ തോക്കുമായി മുറിയിൽ നിൽക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
വിവരമറിഞ്ഞ് റാവൽപിണ്ടി സിറ്റി പൊലീസ് ഓഫീസർ (സിപിഒ) ഹസൻ മുഷ്താഖ് സുഖേര, സീനിയർ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. റാബിയയുടെ കഴുത്തിന് താഴെയും പുറകിലുമായി രണ്ട് തവണ വെടിയേറ്റ പാടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പ്രതി അവകാശപ്പെട്ടതായി വീട്ടിലെ ജോലിക്കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, സംഭവം ആസൂത്രിത കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് മുന്നോട്ടുപോകുന്നത്. അഹ്സാൻ താഹിറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് നീതി ഉറപ്പാക്കുമെന്നും റാവൽപിണ്ടി പൊലീസ് വ്യക്തമാക്കി. സഹോദരന്റെ പരാതിയിൽ കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കുടുംബ വഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. കൃത്യത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ഫോറൻസിക് റിപ്പോർട്ടിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്.
മാധ്യമപ്രവർത്തകയായ യുവതി സ്വന്തം വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്താൻ പ്രഥമ വനിത അസീഫ ഭൂട്ടോ സർദാരി ശക്തമായ പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ സമഗ്രാന്വേഷണം നടത്തി കുറ്റവാളിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജീവഭയമില്ലാതെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അവർ ഓർമിപ്പിച്ചു.
മൂന്ന് മാസം മുൻപ് റാവൽപിണ്ടിയിൽ ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് ഹിനാ ജാവേദ് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവവും അസീഫ ഭൂട്ടോ ചൂണ്ടിക്കാട്ടി. തൊഴിൽ രംഗത്ത് സജീവമായ സ്ത്രീകൾ തുടർച്ചയായി നഗരത്തിൽ ആക്രമിക്കപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ആ കേസിന്റെ അന്വേഷണ പുരോഗതി ജനങ്ങൾ ഉറ്റുനോക്കുകയാണെന്നും അവർ പറഞ്ഞു. പാകിസ്താനിലെ വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാധ്യമ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.