ഗാസ സിറ്റി: സമാധാന കരാർ അംഗീകരിച്ചതിന് പിന്നാലെ പലസ്തീൻ ജനത ഗാസയിലേക്ക് മടങ്ങാൻ ആരംഭിച്ചു. വെടിനിർത്തല്‍ പ്രാബല്യത്തിലെന്ന് ഐഡിഎഫ് അറിയിച്ചു. കൂടാതെ 72 മണിക്കൂറിനുള്ളില്‍ ബന്ദിമോചനം നടപ്പിലാക്കുമെന്നും ഐഡിഎഫ് അറിയിപ്പിൽ വ്യക്തമാക്കി.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിക്ക് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയതിന് പിന്നാലെയാണ് വെടിനിർത്തലും ബന്ദിമോചനത്തിനും വഴിതുറക്കുന്നത്. ബന്ദി കൈമാറ്റത്തിനായി 72 മണിക്കൂർ കൗണ്ട് ഡൗൺ ആരംഭിക്കും. ഇക്കാലയളവിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 ഇസ്രയേലി ബന്ദികളെയും, കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരങ്ങളും ഹമാസ് കൈമാറണം.
ഇതോടൊപ്പം ഇസ്രയേലി ജയിലുകളിൽ ജീവപര്യന്തം തടവ് അടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുള്ള 1700 ആളുകളെയും മോചിപ്പിക്കും. കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.