

സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനായി യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. മധ്യസ്ഥ ശ്രമത്തിൽ പുരോഗതിയുണ്ടായി എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ വെടിനിർത്തൽ കാലാവധി ഈ മാസം 22 ന് അവസാനിക്കാനിരിക്കെയാണ് നീട്ടുവാനുള്ള നീക്കം . നയതന്ത്ര ശ്രമങ്ങൾക്ക് സമയം ലഭിക്കുന്ന തരത്തിൽ രണ്ടാഴ്ചത്തേയ്ക്ക് കൂടെ വെടിനിർത്തൽ നീട്ടിവെയ്ക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥർ അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പറഞ്ഞു. ആണവപദ്ധതി, ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി, യുദ്ധത്തിലെ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്കായാണ് ശ്രമമെന്നും മധ്യസ്ഥർ പറഞ്ഞു.
അതേസമയം, ഹോർമുസില്‍ നാവിക ഉപരോധം ശക്തമാക്കുന്നതിനിടെ, ഇറാനുമായുള്ള ചർച്ചകള്‍ തുടരാനുള്ള സാധ്യത തുറന്നിട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇസ്ലാമാബാദില്‍ വെച്ചുതന്നെ ചർച്ചകള്‍ പുനഃരാരംഭിച്ചേക്കും എന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഉപരോധം ആരംഭിച്ച് 40 മണിക്കൂർ പിന്നിടുമ്പോള്‍ ഇറാനുമായി ബന്ധമുള്ള എട്ട് കപ്പലുകള്‍ യുഎസ് നാവികസേന തിരിച്ചുവിട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മേഖലയില്‍ അമേരിക്കയ്ക്ക് സമഗ്രാധിപത്യം ഉണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു.
പശ്ചിമേഷ്യയില്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച പിന്നിടുമ്പോളാണ് പുതിയ ചർച്ചകൾക്കുള്ള നീക്കം. ന്യൂയോർക്ക് പോസ്റ്റുമായുള്ള സംഭാഷണത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ ചിലത് സംഭവിക്കുമെന്നും, ഫോക്സ് ന്യൂസില്‍ യുദ്ധം അന്ത്യത്തോട് അടുക്കുന്നു എന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ഇസ്ലാമാബാദിന് പകരം സ്വിറ്റ്സർലന്‍ജിലെ ജനീവ ചർച്ചകള്‍ക്ക് വേദിയായേക്കും എന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. തുടർചർച്ചകള്‍ക്ക് തയ്യാറാണെന്ന് പറയുമ്പോഴും, സമയയോ സ്ഥലമോ സംബന്ധിച്ച് ഇറാൻ്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടെ 90 കള്‍ക്ക് ശേഷമുള്ള ആദ്യ ഇസ്രയേല്‍ - ലെബനന്‍ ചർച്ചകള്‍ക്ക് അമേരിക്ക വേദിയായി. വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ചർച്ചകള്‍ ഫലപ്രദമായിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത ചർച്ചയില്‍ ഹെസ്ബൊള്ളയുടെ സമ്പൂർണ നിരായുധീകരണം ഇസ്രയേല്‍ പ്രധാന നിബന്ധനയായി മുന്നോട്ടുവെച്ചു. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ലെബനന്‍ പ്രതിനിധി മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു. മാർച്ച് രണ്ടിന് ശേഷം ലെബനനില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണസംഖ്യ 2080 കടന്നിരിക്കെയാണ് ചർച്ചകള്‍ നടന്നത്.