ടെഹ്റാൻ:ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം അതിരൂക്ഷമായി. തലസ്ഥാനമായ ടെഹ്റാനിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ ജനകീയ റാലികൾ രൂപപ്പെട്ടു. രണ്ടാമത്തെ വൻ നഗരമായ മാഷാദിൽ പ്രക്ഷോഭത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്. അതേസമയം ഇറാനിയൻ ഭരണകൂടം രാജ്യത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പുറത്തുപോവണമെന്ന മുദ്രാവാക്യമാണ് പ്രക്ഷോഭത്തിൽ ഉയർന്നു കേൾക്കുന്നത്.
രാജകുടുംബാംഗമായ റേസാ പഹ്ലവി രണ്ടാമൻ തിരിച്ചു വരണമെന്നും പ്രക്ഷോഭത്തിൽ ആവശ്യമുയരുന്നുണ്ട്. ഇതിനിടെ ടെഹ്രാനിൽ കെട്ടിടങ്ങൾ കത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്നും മുട്ടുമടക്കില്ലെന്നും ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി നിലപാട് കടുപ്പിച്ചു. "ഏകാധിപതിയ്ക്ക് മരണം, ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം'' എന്നീ മുദ്രാവാക്യങ്ങളുയർത്തി പതിനായിരങ്ങൾ ഭരണകൂടവിരുദ്ധ റാലികളിൽ അണി നിരന്നതോടെ ഇറാനിൽ ഭരണമാറ്റ സാധ്യത ആഗോള മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങി.
കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം പതിമൂന്നാം ദിനത്തിലേക്ക് കടന്നപ്പോഴേക്കും ഇറാനിലെ മത നേതൃത്വത്തെയും സൈനിക ഭരണസംവിധാനത്തെയും മാറ്റാൻ ജനത ആഗ്രഹിക്കുന്നു എന്നതിൽ വ്യക്തതയായി. തലസ്ഥാനമായ ടെഹ്റാനിലും, മാഷാദ് അടക്കമുള്ള മറ്റ് സുപ്രധാന നഗരങ്ങളിലും ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള സുരക്ഷാ സേനകളുടെ ശ്രമങ്ങൾ വിഫലമായതായി ബിബിസി പേർഷ്യൻ റിപ്പോർട്ട് ചെയ്യുന്നു.
ആയത്തൊള്ള അലി ഖമേനിയെ പുറത്താക്കുക, റേസാ ഷാ പഹ്ലാവിയെ തിരികെ കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്. നൂറിലധികം നഗരങ്ങളിലും 31 പ്രവിശ്യകളിലും പ്രക്ഷോഭം രൂക്ഷമായി തുടരുകയാണ്. പ്രക്ഷോഭകർക്കിടയിൽ അഞ്ച് കുട്ടികളടക്കം 34 ആളുകളും, എട്ട് സുരക്ഷാഭടൻമാരും കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാനിയൻ മനുഷ്യാവകാശ സംഘടന ഹ്രാന റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറയുന്നത് 45 ആളുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ്. അതിൽ 8 പേർ കുട്ടികളാണ്.
2009 ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഷാ നീണാൾ വാഴട്ടെ, ഭയപ്പെടേണ്ട, നമ്മളൊറ്റക്കെട്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ആളുകൾ ടെഹ്റാനിലൂടെ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാനിലെ സമുന്നത സേനാവിഭാഗമായ ഐആർജിസിയുടെ മുൻകമാൻഡറായ കൊല്ലപ്പെട്ട ഖസാം സുലൈമാനിയുടെ പ്രതിമ പ്രക്ഷോഭകർ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ അടയാളമായ ത്രിവർണ പതാക വൻ കൊടിമരമടക്കം മറിച്ചിടുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പീരങ്കികളും, ടാങ്കുകളും, വെടിക്കോപ്പുകളും മുല്ലമാരും പുറത്തുപോകൂ എന്ന മുദ്രാവാക്യവുമായി ജനം തെരുവിലിറങ്ങിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈലാം പ്രവിശ്യയിലെ ലോമാർ പട്ടണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്. ഈലാമിൽ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിൽ വൻ സംഘർഷമാണ് നടന്നത്. കെർമൻഷായിലും ലോറെസ്താനിലും ന്യൂനപക്ഷങ്ങളായ കുർദ്, ലോർ വംശജരുമായാണ് ഏറ്റുമുട്ടലുണ്ടായത്. 17 ആളുകൾ കൊല്ലപ്പെട്ടെന്നാണ് കുർദ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
ഇതിനിടെ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുടർന്നാൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. അതേസമയം പ്രക്ഷോഭങ്ങൾക്ക് വഴങ്ങില്ലെന്ന കടുത്ത നിലപാട് ആയത്തൊള്ള അലി ഖമേനി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. പ്രക്ഷോഭകാരികളെ അക്രമികളെന്നും അട്ടിമറിക്കാരെന്നും ഖമേനി വിശേഷിപ്പിച്ചു. ട്രംപിന് വേണ്ടിയാണ് പ്രക്ഷോഭകർ പ്രവർത്തിക്കുന്നതെന്നും ഖമേനി ആരോപിച്ചു.