പാകിസ്ഥാനിലെ ലാഹോറിൽ വീടിന്റെ മതിൽ ചാടി പുറത്തുകടന്ന വളർത്തുസിംഹം റോഡിൽ യുവതിയേയും രണ്ട് കുട്ടികളേയും ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയാണ് സിംഹം ചുറ്റുമതിൽ ചാടി റോഡിലിറങ്ങിയത്. ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മതിൽ ചാടിയ സിംഹം റോഡിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ ആക്രമിക്കുകയായിരുന്നു. പിന്നാലെ രണ്ട് കുട്ടികളെയും ആക്രമിച്ചു. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെയാണ് സിംഹം ആക്രമിച്ചത്. സിംഹം യുവതിയുടെ ദേഹത്തേക്ക് ചാടി നിലത്ത് വീഴ്ത്തുന്നതും, ഒരു കുട്ടി ഓടിപ്പോകാൻ ശ്രമിക്കുന്നതും സിസിടിവി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സിംഹവുമായി രക്ഷപ്പെട്ട ഉടമകളെ 12 മണിക്കൂറിന് ശേഷം ലാഹോർ പൊലീസ് അറസ്റ്റ് ചെയ്തു. 11 മാസം പ്രായമുള്ള സിംഹത്തെ കാട്ടിലേക്ക് തിരിച്ചയച്ചു. സിംഹം ആക്രമിക്കുന്നത് ഉടമകൾ ആസ്വദിച്ച് നോക്കി നിന്നെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
സിംഹത്തെ വളർത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവർ കണക്കാക്കുന്നത്. ജനവാസമേഖലയിൽ വളർത്തരുത് എന്നതടക്കമുള്ള നിർദേശങ്ങൾ പാലിക്കുമെന്ന ഉറപ്പിൻമേൽ സിംഹങ്ങളെ വളർത്താൻ ലൈസൻസ് ലഭിക്കുകയും ചെയ്യും.