ഇസ്താംബുൾ: പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട 115 ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് ഭീകരെ അറസ്റ്റുചെയ്ത് തുർക്കി. ഇസ്താബൂളിലെ 124 ഇടങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകളില്‍ തോക്കുകളും, സ്ഫോടകവസ്തുക്കളും, സംഘടനാരേഖകളും പിടിച്ചെടുത്തതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. മറ്റ് മതവിശ്വാസികളെ ലക്ഷ്യമിട്ട്, ഇവർ രാജ്യത്തെമ്പാടും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും, രാജ്യത്തിന് പുറത്തെ ഐഎസ് വിഭാഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായും തുർക്കി അധികൃതർ പറയുന്നു.
കഴിഞ്ഞദിവസം, അഫ്ഗാന്‍, പാക് അതിർത്തിയോട് ചേർന്ന മേഖലയില്‍ തുർക്കി നടത്തിയ പരിശോധനകളില്‍ തുർക്കി പൗരനായ ഒരു മുതിർന്ന ഐഎസ് കമാന്‍ഡറെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ആഴ്ച തുർക്കിയിലെമ്പാടും ആക്രമണങ്ങൾ നടത്താൻ ഐസിസ് അനുകൂലികൾ പദ്ധതിയിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 22 പേരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംശയിക്കപ്പെടുന്നവർക്ക് രാജ്യത്തിന് പുറത്തുള്ള ഐഎസ് പ്രവർത്തകരുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിക്കടുത്ത് ഐഎസിനെ ലക്ഷ്യമിട്ട് തുർക്കി ഇന്റലിജൻസ് ഏജന്റുമാർ പ്രത്യേക ഓപ്പറേഷൻ നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. അറസ്റ്റിലായ തുർക്കി പൗരനുമേൽ സാധാരണക്കാർക്കെതിരെ ആക്രമണം ആസൂത്രണം ചെയ്ത കുറ്റം ചുമത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ തുർക്കി സുരക്ഷാ സംവിധാനങ്ങൾ കർശനമായി നിരീക്ഷിച്ച് വരികയാണ്.